കൊല്ലം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച വിഷയത്തിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സി.ഐ.ടി.യു. പുതിയ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് മുതൽ പ്രാവർത്തികമാക്കുമെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സി.ഐ.ടി.യു. രംഗത്തെത്തിയതാണ് പോര് മുറുകാൻ കാരണം. ദിവസം 50 പേർക്കുമാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന പരിഷ്കാരം സി.ഐ.ടി.യു. അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി പിൻവലിച്ചിരുന്നു. തത്കാലം പിൻവലിച്ചെങ്കിലും പരിഷ്കരണനടപടിയുമായി മുന്നോട്ടു പോകാനാണ് മന്ത്രിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ചേർന്ന ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന കൺവെൻഷനിൽ മന്ത്രി ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമർശനമുയർന്നു. ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മന്ത്രി കുത്തകകൾക്ക് പരവതാനി വിരിക്കുകയാണെന്ന് വിമർശനമുണ്ടായി. കേരളത്തിൽ കൃത്യമായി നടന്നുകൊണ്ടിരുന്ന ഡ്രൈവിങ് ടെസ്റ്റിനെപ്പറ്റി സമൂഹത്തിനു മുന്നിൽ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നത് മന്ത്രിതന്നെയാണ്. ഗതാഗതമന്ത്രിയായി കെ.ബി.ഗണേഷ്‌കുമാർ ചുമതല ഏറ്റെടുത്തശേഷമാണ് ഈ പ്രചാരണങ്ങളെല്ലാം നടക്കുന്നതെന്നും കൺവെൻഷൻ ആരോപിച്ചു. മന്ത്രിക്കെതിരേ പ്രത്യക്ഷ സമരപരിപാടികൾ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. മാർച്ച് 20-ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്താനാണ് തീരുമാനിച്ചത്.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്‍റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി
ഡ്രൈവിങ് സ്കൂൾ സംവിധാനം തകർക്കുന്ന ഗതാഗതമന്ത്രിയുടെ പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യോഗത്തിൽ യൂണിയൻ വർക്കിങ് പ്രസിഡന്റും മുൻ എം.എൽ.എ.യും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.കെ.ദിവാകരൻ പ്രഖ്യാപിക്കുകയും ചെയ്തു. ഭരണകക്ഷി യൂണിയനായിട്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഒരു കൂടിയാലോചയും മന്ത്രി നടത്തുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 21-ന് ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.