തിരുവനന്തപുരം: കായംകുളം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. എസ്.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചതായി നേതൃത്വം വ്യക്തമാക്കി. കേരളത്തിനു പുറത്തുള്ള പല സർവകലാശാലകളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന മാഫിയാ സംഘത്തിന്റെ സഹായം തേടിയ ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി. ഒരിക്കലും ഒരു എസ്എഫ്ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നിഖിൽ തോമസ് ചെയ്തതെന്ന് എസ്എഫ്ഐ നേതൃത്വം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
‘‘ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്എഫ്ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള സർകലാശാലയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്എഫ്ഐക്കു മുൻപിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള സർവകലാശാലയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.’ – എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ കലിംഗ യൂണിവേഴ്സിറ്റിയിൽ റെഗുലറായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ്. ഇത് സംബന്ധിച്ച് പരിശോധന നടത്താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ വിവരാവകാശം നൽകുക മാത്രമായിരുന്നു എസ്.എഫ്.ഐയുടെ മുൻപിലുള്ള മാർഗം. ഇതും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചതാണ്. എന്നാൽ പിന്നീട് പുറത്തുവന്ന വാർത്തകൾ പ്രകാരം നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്- എസ്എഫ്ഐ നേതൃത്വം പറയുന്നു.
വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കായംകുളം പോലീസ് നിഖിൽ തോമസിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം