×

ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ടൂറിസം ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ മാര്‍ഗരേഖയ്ക്ക് നിര്‍ദേശം

google news
press

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ടൂറിസം ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനം. ഇതിനായി സെക്രട്ടറി തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് സമയബന്ധിതമായി മാര്‍ഗരേഖ തയ്യാറാക്കാന്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിര്‍ദേശിച്ചു.

ആദ്യഘട്ടത്തില്‍ 25 ഡെസ്റ്റിനേഷനുകള്‍ ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ ദത്തെടുത്ത് പരിപാലിക്കും. ഇവിടെയെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുക, അവര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ കൈമാറുക, പ്രശ്നങ്ങള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക, സഞ്ചാരികളെ സന്തോഷിപ്പിക്കുന്നതിനായി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ കലാവിരുന്നുകള്‍ നടത്തുക, ഹരിതചട്ടം നടപ്പാക്കുക എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിന് ടൂറിസം ക്ലബ്ബുകള്‍ക്ക് സാധിക്കും.

ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ടൂറിസം ക്ലബ്ബിന്‍റെ പ്രവര്‍ത്തനരീതിയില്‍ സംസ്ഥാനത്താകെ ഈ മാതൃക നടപ്പിലാക്കണമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ചിലവ് വരുന്ന ആക്കുളം പാര്‍ക്കിലെ അറ്റകുറ്റപ്പണികള്‍ ക്ലബ്ബ് അംഗങ്ങള്‍ തന്നെ കുറഞ്ഞ ചിലവില്‍ ചെയ്തു. മാലിന്യ സംസ്കരണം, ഹരിതചട്ടം നടപ്പാക്കല്‍, സഞ്ചാരികളെ സ്വീകരിക്കാന്‍ ഡെസ്റ്റിനേഷന്‍ ഗൈഡുകള്‍ എന്നിവ ഫലപ്രദമായി നടപ്പാക്കി. വാരാന്ത്യത്തില്‍ വിവിധ കലാപരിപാടികള്‍ നടപ്പാക്കുകയും ആര്‍ട്ടീരിയയിലൂടെ പാര്‍ക്കുകള്‍ മനോഹരമാക്കുകയും ചെയ്തു.

read also...യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാൻ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല; ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഇങ്ങനെ സംസ്ഥാനം അനുകരിക്കേണ്ടതായ ഒരു മാതൃക തന്നെ ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ ആക്കുളത്ത് നടപ്പാക്കി. പതിനഞ്ചിലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പാര്‍ട്ട് ടൈമായി ജോലി ചെയ്തു വരുമാനം കണ്ടെത്തുന്നു. കുട്ടികള്‍ക്കായി ശില്പശാലകള്‍ സംഘടിപ്പിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സംരംഭകരാകാനും ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു. ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴി ടൂറിസം മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരുന്നത് സംബന്ധിച്ചും അതിലൂടെ ടൂറിസം മേഖലയ്ക്കുണ്ടാകുന്ന ഗുണങ്ങളെ പറ്റിയും മന്ത്രി വിശദീകരിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു