കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണ് മരിച്ച സ്വവർഗ ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് വിട്ടുകിട്ടണമെന്ന ഹരജി ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. യുവാവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവർ വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ എത്തുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി മാറ്റിയത്.
സ്വകാര്യ ആശുപത്രിയിൽ ചെലവായ 1.30 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്ന് ആരോപിച്ച് കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവാണ് ഹരജിക്കാരൻ. ലിവ് ഇൻ റിലേഷനിൽ ആറുവർഷമായി ഒന്നിച്ച് താമസിച്ചിരുന്ന യുവാവിന്റെ അംഗീകൃത പങ്കാളിയായ തനിക്ക് മൃതശരീരം ഏറ്റുവാങ്ങാനുള്ള അവകാശം ഉണ്ടെന്നാണ് ഇയാളുടെ വാദം.
മരിച്ചയാളുടെ മാതാപിതാക്കളുടെ താൽപര്യത്തിന് തടസ്സമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബിൽ തുക നൽകാത്തതിനാൽ മൃതദേഹം വിട്ടുനൽകുന്നില്ലെന്ന ആരോപണം നിഷേധിച്ച ആശുപത്രി അധികൃതർ, അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ