×

കാറിടിച്ച് രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

google news
Eh
നാഗർകോവിൽ: സ്കൂട്ടർ യാത്രികനായ വിദ്യാർഥിയെ ഇടിച്ച കാർ നിർത്താതെ 2കിലോമീറ്ററോളം കുട്ടിയേയും സ്കൂട്ടറിനെയും അതിവേഗം റോഡിലൂടെ വലിച്ചിഴച്ചു. ഒടുവിൽ കാറിനും സ്കൂട്ടറിനും തീപിടിച്ച് വിദ്യാർഥി വെന്തുമരിച്ചു.
    
തെക്ക്ചൂരൻകുടി പള്ളിതെരുവ് സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ മകൻ അജാസ്(15) ആണ് ദാരുണമായി മരിച്ചത്. പുത്തൻ തുറ ദേവാലയ ഉത്സവ പറമ്പിൽ മിഠായി കട നടത്തുന്ന ബന്ധുവിനെ സഹായിക്കാൻ വന്നതായിരുന്നു ചുട്ടപറ്റിവിള സർക്കാർ സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയായ അജാസ്. കാർ ഓടിച്ചിരുന്ന ഇത്താമൊഴി തെക്ക് പാൽകിണറ്റാൻവിള സ്വദേശിയും പെയിൻ്റ് കട ഉടമയായ ഗോപി(39)യെ പൊലീസ് അറസ്റ്റ് ചെയ്തു.
   
ഞായറാഴ്ച വൈകീട്ട് ഈത്താമൊഴിയിൽനിന്നും ശംഖുതുറ ബീച്ചിലേക്ക് പോവുകയായിരുന്നു ഗോപിയും കുടുംബവും. മേലെ കൃഷ്ണൻപുതൂരിന് സമീപം ചെമ്പൊൻകരയിൽ വെച്ച് മുന്നിൽ പോവുകയായിരുന്ന അജാസ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും അജാസും കാറിന്റെ മുൻവശം കുടുങ്ങി. ഇതോടെ കാർ അജാസിനെയും വലിച്ച് കൊണ്ട് അതിവേഗത്തിൽ 2കി.മീ സഞ്ചരിച്ച് ശംഖുതുറ ഭാഗത്ത് എത്തി. ഇവിടെ വെച്ച് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. കാറിൽ കുടുങ്ങിക്കിടന്ന അജാസും സ്കൂട്ടറും കത്തിയമർന്നു. കാറിലുണ്ടായിരുന്ന ഗോപി(39), ഭാര്യ ലേഖ(30), മൂന്ന് മക്കൾ തുടങ്ങിയവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ ശുചീന്ദ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടന്ന് ഗോപിയെ അറസ്റ്റ് ചെയ്തു.
    
 
Read more..
    
അപകടത്തിന് ശേഷം അജാസിനെയും വലിച്ച് കൊണ്ട് കാർ പോകുന്നത് കണ്ട് നിർത്താൻ ഗോപിയോട് ആളുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് നിറുത്താതിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തീപിടിത്തത്തിന് മുൻപ് തന്നെ അജാസ് മരിച്ചിരിക്കാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. റോഡിലെ രക്തക്കറയും മറ്റും നൽകുന്ന സൂചന അതാണെന്ന് കന്യാകുമാരി ഡി.എസ്.പി മഹേഷ് കുമാർ പറഞ്ഞു.
 
    

Tags