തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ സാധ്യതകളുള്ള ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി ലോകോത്തര സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതില്‍ പങ്കാളികളാകാന്‍ നിക്ഷേപകരോട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനില്‍ നിന്ന് രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ കേന്ദ്രമായി മാറാന്‍ കേരളം ഒരുങ്ങുകയാണെന്നും കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ, സംസ്ഥാന പാതകളാല്‍ സമ്പന്നമാണ് കേരളം. ഏറെ വൈകാതെ കേരളത്തിലെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ ജലപാതയിലൂടെ യാത്ര ചെയ്യാനാകും. രാജ്യത്ത് ഏറ്റവും അധികം പഞ്ച നക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനവും കേരളമാണ്. കേരളം നിക്ഷേപപം സ്വീകരിക്കാന്‍ തയ്യാറാണെന്നും സമാനതകളില്ലാത്ത ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിക്ഷേപകരെ പ്രധാന പങ്കാളികളുമായും പ്രാദേശിക സംരംഭകരുമായും വ്യവസായ വിദഗ്ധരുമായും ബന്ധിപ്പിച്ച് സംസ്ഥാനത്തെ ടൂറിസം ആവാസവ്യവസ്ഥയെക്കുറിച്ചുള്ള മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനുള്ള സഹകരണം കണ്ടെത്തുന്നതിനാണ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം നിക്ഷേപകരെ സഹായിക്കാന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനവും നിക്ഷേപക സംഗമത്തിലെ പ്രാഥമിക ചര്‍ച്ചകളുടെ തുടര്‍നടപടികള്‍ക്കായി ഫെസിലിറ്റേഷന്‍ കേന്ദ്രവും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഊര്‍ജസ്വലമായ ഹോസ്പിറ്റാലിറ്റി, സേവന വ്യവസായങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് തീര്‍ച്ചയായും പ്രയോജനം ലഭിക്കും. നിക്ഷേപങ്ങള്‍ കരകൗശല, കൃഷി തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള ടൂറിസം ഹോട്ട്സ്പോട്ടായി കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് ആധികാരികമായ കണക്കുകളുടെ പിന്തുണയുണ്ടെന്ന് ശ്രീ.പിണറായി വിജയന്‍ പറഞ്ഞു. 2022-ല്‍ 1.88 കോടി ആഭ്യന്തര യാത്രക്കാര്‍ കേരളം സന്ദര്‍ശിച്ച് സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ചു. 2022 ആദ്യ പകുതിയെ അപേക്ഷിച്ച് 2023 ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് 171.55% എന്ന അസാധാരണ വളര്‍ച്ച രേഖപ്പെടുത്തി.
കേരളത്തിന് വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനവും ക്രമാനുഗതമായ വര്‍ധനവിലാണ്. 2020ല്‍ 11,335.96 കോടി ലഭിച്ചത് 2021ല്‍ 12,285.91 കോടി രൂപയായി. 2022-ല്‍ ഇത് 35,168.42 കോടി രൂപയായി ഉയര്‍ന്നു. ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാന വിദേശനാണ്യ വരുമാനം 2022-ല്‍ 2,792.42 കോടി രൂപയായിരുന്നു. കേരളത്തിലെ ജിഡിപിയുടെ ഏകദേശം 12% വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള സംഭാവനയാണ്. സംസ്ഥാന തൊഴില്‍ ശക്തിയുടെ നാലിലൊന്ന് വിനോദസഞ്ചാര മേഖലയില്‍ ജോലി ചെയ്യുന്നു.
“ഓഖി, നിപ്പ, പ്രളയം, കോവിഡ്-19 എന്നിങ്ങനെ ആവര്‍ത്തിച്ചുള്ള വെല്ലുവിളികള്‍ക്കിടയിലും മുമ്പെന്നത്തേക്കാളും ശക്തമായി കേരളം തിരിച്ചെത്തി എന്നത് കേരളം എക്കാലത്തെയും വിനോദസഞ്ചാര ആകര്‍ഷണമാണ് എന്നതിന് തെളിവാണ്. കാരവന്‍ ടൂറിസം പ്രേമികള്‍ക്കായി ‘കേരവന്‍ കേരള’ ആരംഭിച്ചതോടെ കേരള ടൂറിസം ചക്രവാളങ്ങള്‍ വിപുലീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ഹെലി-ടൂറിസം അവതരിപ്പിച്ചതിലൂടെ മനോഹര ഭൂപ്രകൃതിയുടെ ആകാശക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. കായല്‍ സൗന്ദര്യ പ്രദര്‍ശനത്തിനായി ക്രൂയിസ് ടൂറിസം പ്രയോജനപ്പെടുത്തും.
കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ടൂറിസത്തിന് ഒരു പുതിയ കാഴ്ചപ്പാട് നല്‍കാന്‍, ഏഴ് തനത് ദൃശ്യ ഇടനാഴികളും വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഉണ്ട്, ഇത് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സംസ്ഥാനത്ത് എവിടെ നിന്നും ജോലി ചെയ്യാന്‍ സഹായകരമാകും. കോവിഡിന് ശേഷമുള്ള തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും കേരളം തെരഞ്ഞെടുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു.
അതേസമയം, വിനോദമോ സാഹസികതയോ ഇഷ്ടപ്പെടുന്നവര്‍ക്ക് അതും തടസ്സമില്ലാതെ ലഭ്യമാകും. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹമായി നവകേരള സമൂഹമായി കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ കേരള ടൂറിസത്തെക്കൂടി ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ഐ സി ഇ സൗകര്യങ്ങള്‍ കേരളത്തില്‍ ധാരാളമാണ്. ആതിഥ്യമര്യാദ, വിനോദം, മനുഷ്യവിഭവശേഷി, ഐടി, ക്ഷേമം, പൈതൃകം, വന്യജീവി, കായല്‍, ഹില്‍ സ്റ്റേഷനുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം സംസ്ഥാനത്ത് ലാഭകരമായ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലകളാണ്.
പരിസ്ഥിതി സൗഹൃദമായ താമസസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള യാത്രാ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകും. പ്രാദേശിക സമൂഹങ്ങളെ അവരുടെ ജീവിതരീതിയും പ്രകൃതി ചുറ്റുപാടുകളും സംരക്ഷിച്ചുകൊണ്ട് അവരെ ശാക്തീകരിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പദ്ധതികളെ പിന്തുണയ്ക്കുന്ന സുസ്ഥിര ടൂറിസം സംരംഭങ്ങളാണ് കേരളം തേടുന്നത്.