കണ്ണൂർ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ സിവിൽ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ.. അതു സംഭവിച്ചിരിക്കും.
‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാന സർക്കാർ വെറും കേസെടുപ്പ് സർക്കാരായി അധഃപതിച്ചുവെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ്, പറയുമെന്നു കരുതുന്നതായി ഗണിച്ചും കേസ് എന്നതാണ് സ്ഥിതി. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിന്റെ പ്രഥമ പൗരനുപോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി അഖിലേന്ത്യാ കമ്മിറ്റി അംഗം സി.രഘുനാഥ് അധ്യക്ഷത വഹിച്ചു.
കേരള പദയാത്രക്ക് കേരളത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പദയാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കുമ്പോൾ നിരവധി ആളുകളാണ് സ്വീകരിക്കാനായി എത്തുന്നത്. വലിയൊരു രാഷ്ട്രീയ മാറ്റാത്തിന്റെ സൂചനയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരന്റിയിലാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് വിശ്വാസമെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വാസ്യത ഇല്ലാത്തതും ജനങ്ങൾക്ക് പ്രയോജനകരമല്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടിമക്കണ്ണായി നിൽക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും പാർട്ടിക്കകത്ത് നടക്കുന്ന മോശം പ്രവണതകൾ തിരുത്തണമെന്നും സുരേന്ദ്രൻ വിമർശിച്ചു. മറ്റെല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന അദ്ദേഹം പിണറായി വിജയന്റെ കാര്യത്തിൽ മാത്രം അടിമക്കണ്ണായി അധപ്പതിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.