×

മലങ്കര-മീനച്ചിൽ ജലസേചന പദ്ധതി; വാപ്കോസ് സാധ്യതപഠനം ആരംഭിച്ചു

google news
,hf

മൂലമറ്റം: മൂലമറ്റം രണ്ടാം വൈദ്യുതി നിലയം, മലങ്കര-മീനച്ചിൽ കുടിവെള്ള പദ്ധതി എന്നിവക്ക് പുറമെ മലങ്കര-മീനച്ചിൽ ജലസേചന പദ്ധതിക്കും തുടക്കമാകുന്നു. പദ്ധതിയെക്കുറിച്ച് പഠനം നടത്താൻ പൊതുമേഖല സ്ഥാപനമായ വാപ്കോസ് കൺസൾട്ടൻസി അധികൃതർ മൂലമറ്റത്തെത്തി. ഇടുക്കി ഡാമിൽനിന്ന് പുറംതള്ളുന്ന ജലത്തെ ആശ്രയിച്ചാണ് മൂന്ന് ബൃഹത് പദ്ധതികളും.

    മൂലമറ്റം നിലയത്തിലെ വൈദ്യുതോൽപാദനത്തിനുശേഷം മിച്ചജലം മീനച്ചിലാറ്റിലേക്ക് തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഉൽപാദനശേഷം ഒഴുകിയെത്തുന്ന ജലം മൂലമറ്റത്തെ മൂന്നുങ്കവയൽ പാലത്തിന് സമീപം ചെറിയ അണക്കെട്ട് നിർമിച്ച് തടഞ്ഞുനിർത്തും.

Read also: ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് 16,776 പേർക്ക് അവസരം

അതിൽനിന്ന് 450 മീ. നീളത്തിൽ കനാൽ നിർമിച്ച് വെള്ളം ഒഴുക്കും. അവിടെനിന്ന് 6.5 കി.മീ. നീളത്തിൽ മേലുകാവ് പഞ്ചായത്തിലേക്ക് ടണൽ വഴി വെള്ളം എത്തിക്കും. തുടർന്ന് 200 മീ. ചാല് കീറി നരിമറ്റം ഭാഗത്ത് എത്തിച്ച് കാടാംപുഴയിലേക്ക്‌ ജലം എത്തിക്കുന്നതാണ് പദ്ധതി.

   ഇത് പൂർത്തിയാകുന്നതോടെ കോട്ടയത്തെ 12 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും കുടിവെള്ളം ഉറപ്പാക്കുന്നതിനൊപ്പം വേനൽക്കാലത്ത് നദിയിൽ ആവശ്യത്തിന് ജലമൊഴുക്ക് ഉറപ്പാക്കാനും സാധിക്കും. പദ്ധതിയുടെ സാധ്യതകൾ വിലയിരുത്താൻ കഴിഞ്ഞ വർഷം ജൂണിൽ സർക്കാർ ആറംഗ സമിതിക്ക് രൂപംനൽകിയിരുന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ