കോഴിക്കോട്: മാവോവാദി പ്രവര്‍ത്തനത്തിന് വയനാട്ടില്‍നിന്ന് അറസ്റ്റുചെയ്ത ഉണ്ണിമായ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍. വെള്ളിയാഴ്ച തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവരുടെ വൻ സുരക്ഷയിലാണ് പൊലീസ് ജില്ല കോടതിയില്‍ ഹാജരാക്കിയത്. യു.എ.പി.എ കോടതിയായ പ്രിൻസിപ്പല്‍ ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള മൂന്നാം അഡീഷനല്‍ സെഷൻസ് ജഡ്ജി ആര്. മധു ജനുവരി 24വരെ ഇവരെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വരെയാണ് കസ്റ്റഡിയില്‍ നല്‍കിയിരുന്നതെങ്കിലും പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്നലെ തന്നെ ഹാജരാക്കുകയായിരുന്നു.
കോഴിക്കോട് റൂറല്‍ മേഖലയില്‍ 11 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് ആരോപിക്കുന്ന ഉണ്ണിമായയെ ഈ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഹാജരാക്കിയത്. കോടഞ്ചരി, കാരാട്ട്പാറ മേഖലയില്‍ ഉണ്ണിമായയും സംഘവും എത്തിയെന്നാണ് കേസ്. ഇവിടെയും മാവോവാദി സാന്നിധ്യമുണ്ടെന്ന് പറയുന്ന ഭാഗങ്ങളിലും തെളിവെടുപ്പ് നടത്തി.
മുത്തപ്പൻപുഴ അങ്ങാടിയിലെ മാവോവാദി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സ്ഥലം, മാവോവാദികളെന്ന് കരുതുന്നവര്‍ ചായ കുടിച്ച കട, സന്ദര്‍ശിച്ചെന്ന് കരുതുന്ന വീടുകളിലെ താമസക്കാര്‍ തുടങ്ങിയവയില്‍നിന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മുത്തപ്പൻപുഴയില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
മാവോവാദികളുടെ പേരില്‍ പോസ്റ്ററും ഇവിടത്തെ അങ്ങാടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രദേശത്തെ ചില വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ട് മാവോവാദികളെന്ന് സംശയിക്കുന്നവര്‍ എത്തിയിരുന്നു. നവംബര്‍ എട്ടിന് വയനാട് മാനന്തവാടി ചപ്പാരം കോളനിയില്‍വെച്ച് തമിഴ്നാട് പൊള്ളാച്ചി സ്വദേശി ചന്ദ്രുവിനൊപ്പമാണ് ഉണ്ണിമായയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സി.പി.ഐ (മാവോയിസ്റ്റ്) കബനി മേഖല അംഗങ്ങളാണെന്നാണ് കേസ്.