തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കും. വരവ് വര്‍ധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനൊടൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
‘ഒരു പൈസ പോലും കെഎസ്ആര്‍ടിസിയില്‍ നിന്ന് ചോര്‍ന്നുപോകാത്ത വിധമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മള്‍ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തീര്‍ച്ചയായും നമ്മുടെ കൂടെ നില്‍ക്കും. തൊഴിലാളിക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വര്‍ധിക്കും.’- ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഗതാഗത വകുപ്പെന്നാണ് അറിയിച്ചത്. മറ്റ് വകുപ്പുകളില്ല, ആന്റണി രാജു വഹിച്ചിരുന്നു വകുപ്പാണ് തന്നിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വൈകീട്ട് നാലുമണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുന്നണി ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ച ഒഴിവിലേക്കാണ് രണ്ടുപേരും മന്ത്രിമാരായി എത്തുന്നത്.
കെ.എസ്.ആര്‍.ടി.സി. വളരെ മോശം അവസ്ഥയിലാണ്. ഒരു പരിധിവരെ നന്നാക്കാന്‍ പറ്റും. അച്ചടക്കം ഉണ്ടാക്കാന്‍ പറ്റും. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കുക എന്നതാണ് ലക്ഷ്യം. വരവ് വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക. കെ.എസ്.ആര്‍.ടി.സിയുടെ ഒരു പൈസ ചോര്‍ന്ന് പോവാതെയുള്ള നടപടിയായിരിക്കും സ്വീകരിക്കുകയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ലോട്ടറി, ബിവറേജസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ്… ഇതില്‍നിന്നുള്ള വരുമാനം മാത്രമേ സംസ്ഥാനത്തിന്റെ ധനകാര്യ ആവശ്യങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ. കേന്ദ്രസര്‍ക്കാര്‍ പരിപൂര്‍ണ്ണമായി അവഗണിക്കുകയും കടംവാങ്ങാനുള്ള അവകാശത്തില്‍ കൈവെക്കുകയും ചെയ്യുന്നു. കേന്ദ്രത്തില്‍നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ജനങ്ങളെ പിഴിയാതെ എങ്ങനെ വരുമാനം വര്‍ധിപ്പിക്കാം എന്നതിനെക്കുറിച്ച് ചില ആശയങ്ങളുണ്ട്. കേരളത്തിന്റെ എല്ലാ ഗ്രമീണമേഖലകളിലും ബസുകള്‍ ഓടിക്കുന്ന പദ്ധതി കൊണ്ടുവരും. കെ.എസ്.ആര്‍.ടി.സി. തന്നെ വേണമെന്നില്ല, സ്വകാര്യബസ് ആയാലും മതി. പദ്ധതി മുഖ്യമന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കും, അദ്ദേഹമത് അംഗീകരിച്ചാല്‍ ഇന്ത്യയില്‍ തന്നെ ഒരു ചരിത്രമാക്കിയത് മാറ്റുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു