കോട്ടയം: ബിജെപി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോർജ്. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അതൃപ്തി പ്രകടിപ്പിച്ച പിസിയുടെ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ടയിൽ ജോർജിനെയോ മകൻ ഷോൺ ജോർജിനെ യോ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണിയെ സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വം രംഗത്തിറക്കുകയായിരുന്നു. തുടർന്നായിരുന്നു ജോർജിൻ്റെ പ്രതികരണം.
അതേസമയം; പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ക്രൈസ്തവ വിഭാഗം അടക്കം മുഴുവൻ സമുദായങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അനിൽ ആന്‍റണിയും പറഞ്ഞു. ബിജെപി കഴിഞ്ഞ തവണ സമാഹരിച്ചതിനേക്കാൾ ഏറെദൂരം മുന്നോട്ടുപോകുമെന്നും അനിൽ ആന്‍റണി പറ വ്യക്തമാക്കി.
“സ്ഥാനാർഥിയെ പാർട്ടിയല്ലേ തീരുമാനിക്കുന്നത്, എനിക്ക് വല്ലതും പറയാൻ പറ്റുമോ? പാർട്ടി പറയുന്ന സ്ഥാനാർഥി ഏത് കുറ്റിച്ചൂലാണേലും ആ കുറ്റിച്ചൂലിന്‍റെ പുറകെ ഞാൻ നടക്കും. ഒരു സംശയവും വേണ്ട”. – എന്നായിരുന്നു പിസി ജോർജിൻ്റെ പ്രതികരണം
പി.സി.ജോർജിൻ്റെ പ്രതികരണത്തിൻ്റെ പൂർണരൂപം
ഈ പത്തനംതിട്ട സീറ്റിനോട് അനിൽ ആന്‍റണിയ്ക്ക് ഇത്രമാത്രം താൽപ്പര്യത്തിന് കാരണമെന്താണെന്ന് എനിക്കറിയില്ല. ഒന്നാമത് പ്രശ്നം, സ്ഥാനാർഥിയെന്ന നിലയിൽ പരിചയപ്പെടുത്തണ്ടേ. ഒരു പത്ത് പേരെ കൊണ്ട് നിർത്തി അനിൽ ആന്‍റണി ആരാണെന്ന് ചോദിച്ചാൽ ആർക്കും മനസിലാകില്ല. ഇത് ഞങ്ങളുടെ സ്ഥാനാർഥി അനിൽ ആന്‍റണി ആണേയെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ഒരു ഗതികേടുണ്ട്. അതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം.
സുരേന്ദ്രൻ സ്ഥാനാർഥിയാണെങ്കിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, ശ്രീധരൻപിള്ളയായാലും മതിയായിരുന്നു. ശ്രീധരൻപിള്ള സ്ഥാനാർഥിയാണെന്ന് പറഞ്ഞാൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. നമ്മുടെ ബിഷപ്പുമാർ, എൻഎസ്എസ് ജനറൽ സെക്രട്ടറി മണിച്ചേട്ടൻ, അങ്ങനെ വല്യ വല്യ മാന്യന്മാരെല്ലാം എനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് സ്ഥാനാർഥിയാക്കണം എന്നനിലയിലായിരുന്നു. ആ നിലയ്ക്കുള്ള ഒരു ദുഃഖമെ എനിക്കുള്ളൂ. അല്ലാതെ ഒരു ദുഃഖവും എനിക്കില്ല. അവരോടൊക്കെ എന്ത് പറയും.
സ്ഥാനാർഥിയെ പാർട്ടിയല്ലേ തീരുമാനിക്കുന്നത്, എനിക്ക് വല്ലതും പറയാൻ പറ്റുമോ? പാർട്ടി പറയുന്ന സ്ഥാനാർഥി ഏത് കുറ്റിച്ചൂലാണേലും ആ കുറ്റിച്ചൂലിന്‍റെ പുറകെ ഞാൻ നടക്കും. ഒരു സംശയവും വേണ്ട.