തിരുവനന്തപുരം : കപ്പൽയാത്രയ്ക്കിടെ സ്‌ട്രോക്കിനെത്തുടർന്ന് അബോധാവസ്ഥയിലായ ഫിലിപ്പീൻസ് പൗരനിൽ ന്യൂറോ സർജറി വിജയകരം. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കൽ സംഘത്തിൻ്റെ വിദഗ്ധ ഇടപെടലിലൂടെയാണ് തലച്ചോറിലെ അനിയന്ത്രിതമായ രക്തസ്രാവം നിയന്ത്രിച്ച് രോഗാവസ്ഥ ഭേദമാക്കിയത്. കൊളംബോയിൽ നിന്ന് സൂയസ് കനാലിലേക്കുള്ള യാത്രാമദ്ധ്യേയാണ് അടിയന്തര സാഹചര്യം ഉടലെടുത്തത്.
വിഴിഞ്ഞത്തിന് 50 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ വച്ചാണ് 56 വയസ്സുകാരന് സ്ട്രോക്ക് അനുഭവപ്പെടുന്നത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് തീരസംരക്ഷണ സേനയുടെ സഹായത്തോടെ തിരുവനന്തപുരത്തെത്തിക്കുകയും സി.ടി സ്കാനിൽ തലച്ചോറിനും ചുറ്റുമുള്ള പാളിക്കുമിടയിലായി രക്തസ്രാവം (സബ്അരക്‌നോയിഡ് ഹെമറേജ്) സ്ഥിരീകരിക്കുകയുമായിരുന്നു. ഇത്തരത്തിൽ തലച്ചോറിന് ചുറ്റുമുള്ള ഫ്ലൂയിഡിൽ രക്തം അടിഞ്ഞു കൂടുകയും തലച്ചോറിലെ സമ്മര്‍ദ്ദം വര്‍ദ്ധിച്ച് രോഗിയുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നു. സാധാരണയായി റപ്‌ച്വേര്‍ഡ് അന്യൂറിസമാണ് ഇത്തരത്തിലുള്ള രക്തസ്രാവത്തിന് കാരണമാകുന്നതെന്നും അടിയന്തര ചികിത്സ അത്യാവശ്യമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൽട്ടൻ്റ് ഡോ. അജിത് ആർ പറഞ്ഞു.
READ ALSO……കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകൾ: മോട്ടോ എഡ്ജ് 40 നിയോ സെപ്തംബർ 28ന് വിപണിയിലേക്ക്
ഗുരുതരാവസ്ഥ കണക്കിലെടുത്ത് തലയോട്ടി തുറന്ന് ക്രേനിയോട്ടമി നടത്തകയും ക്ലിപ്പിംഗിലൂടെ അന്യൂറിസവും ധമനിയുമായുള്ള ബന്ധം ഫലപ്രദമായി വിഛേദിക്കുകയായിരുന്നു. അഞ്ച് മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമാകുന്നത് വരെ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് അദ്ദേഹത്തെ മുറിയിലേക്ക് മാറ്റുകയും ഒരു ആഴ്ചയോളം ഫിസിയോതെറാപ്പി നടത്തുകയും ചെയ്തു. ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം, പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് രോഗി ഫിലിപ്പീൻസിലേക്ക് മടങ്ങി.ന്യൂറോസർജറി കൺസൾട്ടൻ്റുമാരായ ഡോ. അബു മദൻ, ഡോ. നവാസ് എൻ.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോഅനസ്തേഷ്യ വിഭാഗം കൺസൽട്ടൻറ് ഡോ. സുഷാന്ത് ബി, ഫിസിക്കൽ മെഡിസിൻ വിഭാഗം കൺസൾട്ടൻ്റ് ഡോ. നിത ജെ എന്നിവരും ചികിത്സയുടെ ഭാഗമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം