ന്യൂഡൽഹി: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി ജഡ്ജിയുടെ നിരീക്ഷണം. വിധിയിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് യുജിസി ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ വാക്കാൽ നീരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നായിരുന്നു ജസ്റ്റിസ് കരോളിന്റെ നിരീക്ഷണം. കേസ് നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. എന്നാൽ ഇതിന് മറുപടിയുണ്ടെന്നും അത് ഉടൻ സമർപ്പിക്കുമെന്നും പ്രിയ വർഗീസിനുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു.
പ്രിയ വർഗീസിൻ്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് മറുപടിയായി സത്യവാംഗ് മൂലം സമർപ്പിക്കാൻ രണ്ടാഴ്ച സമയം യുജിസിക്ക് കോടതി നൽകി. അതിന് മറുപടി നൽകാൻ പ്രിയ വർഗീസിനും രണ്ടാഴ്ച സമയം കോടതി അനുവദിച്ചു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
നിലവിൽ യോഗ്യതയുടെയും, മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് തന്റെ നിയമനം എന്നും ചട്ടങ്ങളുടെ ലംഘനം എന്ന പേരിൽ സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലന്ന് വ്യക്തമാക്കി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. നേരത്തെ പ്രിയ വർഗീസിനെ പിന്തുണച്ച് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.