തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് പളളിയിൽ സമര്‍പ്പിച്ച സ്വര്‍ണകിരീടത്തെക്കുറിച്ചുള്ള വിവാദത്തിനിടയിൽ നിർണായക സൂചനയുമായി ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വര്‍ണകിരീടം വെക്കുമെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ എന്നാണ് നടൻ ചോദിക്കുന്നു. മാതാവിന് നേർച്ചയായി നൽകിയ സ്വര്‍ണകിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന ചോദ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കിരീടം തന്റെ കുടുംബത്തിന്റെ നേര്‍ച്ചയാണെന്നും ഇത് ഓഡിറ്റ് ചെയ്യാന്‍ മറ്റുപാര്‍ട്ടിക്കാര്‍ക്ക് അധികാരമില്ലെന്നും താരം പറഞ്ഞു. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കിയെന്നും അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിൻ്റെ പ്രതികരണം.
താന്‍ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വാക്കുകൾ
ഒരു കോടിയുടെ സ്വര്‍ണകിരീടം വെക്കുമെന്ന് ഞാന്‍ അച്ചന് വാക്കുകൊടുത്തിരുന്നുവെങ്കില്‍, ആ കിരീടമെവിടെയെന്ന് വേണമെങ്കില്‍ വിശ്വാസികള്‍ക്ക് ചോദിക്കാം. സ്വര്‍ണകിരീടം വെക്കുമെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ?
കിരീടം വയ്ക്കാന്‍ വരുമ്പോഴും മാധ്യമങ്ങളെ ഞാന്‍ നിരാകരിക്കുകയാണ് ചെയ്തത്. എനിക്കിത് പബ്ലിസിറ്റി മെറ്റീരിയലല്ല. അത് അങ്ങനെ ആക്കിയത് മാധ്യമങ്ങളാണ്. ഒരു മുഹൂര്‍ത്തം തീര്‍ച്ചയായും സൃഷ്ടിക്കപ്പെടും. അത് വിജയം എന്നുവരെ ഞാന്‍ വിചാരിക്കുന്നു. വിജയമാണെങ്കില്‍ വിജയം. അല്ലെങ്കില്‍ അതിനപ്പുറത്ത് മറ്റൊരു മുഹൂര്‍ത്തം വരും. അത് എപ്പോഴാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല.”
നിങ്ങള്‍ വിജയിപ്പിച്ചാല്‍ ഞാന്‍ സിനിമ ചെയ്യും. സിനിമ ചെയ്തുകൊണ്ട് എംപിയായി പ്രവര്‍ത്തിക്കും. അങ്ങനെ ഒരു മുഹൂര്‍ത്തമാണ് വരുന്നതെങ്കില്‍ ഞാന്‍ പത്ത് പവന്‍റെ സ്വര്‍ണകിരീടം വെക്കും. അത് ഉരച്ചുനോക്കാനോ ചുരണ്ടി നോക്കാനോ ഒക്കെ നിങ്ങള്‍ വരൂ. ഒരു വൈരക്കല്‍ പതിപ്പിച്ച് ഞാന്‍ മാതാവിന് ഒരു കിരീടമായി വരും. ഇപ്പോള്‍ പെരുമാറ്റച്ചട്ടമൊന്നുമില്ലല്ലോ? ഇനി പെരുമാറ്റച്ചട്ടമുണ്ടെങ്കിലും എനിക്ക് വാഗ്ദാനമായിട്ടല്ല, പ്രാര്‍ത്ഥനയായി പറയാം. ഏത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് മുന്നോട്ട് വരുന്നതെന്നും എനിക്കറിയാം.
ഇതെന്റെ കുടുംബത്തിന്റെ ഹൃദയവേദനയില്‍ നിന്നും വരുന്ന മറ്റൊരു നേര്‍ച്ച മാത്രമാണ്. നിങ്ങള്‍ക്കിത് വലിയ പബ്ലിസിറ്റിയാക്കി നശിപ്പിക്കണമെന്നുണ്ടാകും. പക്ഷെ ഞാനിത് വിജയത്തിലേക്ക് കൊണ്ടുപോകും. എനിക്ക് ജനങ്ങളിലാണ് വിശ്വാസം. ഗുരുവായൂര്‍, ചാവക്കാട് മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ (ബിജെപിക്ക് അനുകൂലമായ) എന്താണെന്ന് ബൂത്തില്‍പ്പോയി അന്വേഷിക്കണം.