കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിൽ തർക്കം മുറുകുന്നു. മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് ഉറച്ചു നിൽക്കുന്നതാണ് യുഡിഎഫിലെ സീറ്റ് വിഭജനത്തിന് കീറാമുട്ടിയാവുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനം ലീഗ് കൈക്കൊളളുമെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 25ന് ചേരുന്ന യുഡിഎഫ് യോഗം വരെ കാത്തിരിക്കാനാണ് നിലവിൽ ലീഗിൻ്റെ തീരുമാനം. കൊച്ചിയില്‍ വെച്ചാണ് ഏകോപന സമിതി യോഗം നടക്കുന്നത്. അതിന് മുന്‍പ് ലീഗുമായി ഉഭയകക്ഷി യോഗവും നടക്കും. യുഡിഎഫ് യോഗത്തിന് ശേഷം ലീഗ് നിലപാട് പ്രഖ്യാപിക്കും. മൂന്നാം സീറ്റ് നൽകിയില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യപ്പെടുന്നത്. എന്നാൽ ലീഗിൻ്റെ നിലപാടിന് വഴങ്ങേണ്ടാ എന്ന നിലപാടാണ് കോൺഗ്രസിൽ ഭൂരിപക്ഷം നേതാക്കൾക്കും. എന്നാൽ മൂന്നാം സീറ്റോ പകരം രാജ്യസഭാ സീറ്റോ നൽകാനും കോൺഗ്രസ് നേതൃത്വം തയ്യാറാകില്ല. ഇക്കാര്യം മുന്നണി യോഗത്തിൽ വീണ്ടും അറിയിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
അതേസമയം, കെ സുധാകരൻ കണ്ണൂർ സീറ്റ് ഒഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു ലീഗിൻ്റെ വിലപേശൽ. എന്നാൽ പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് സുധാകരൻ മലക്കം മറിഞ്ഞതാണ് ലീഗിന് തിരിച്ചടിയായത്. 2011 – 2016 കാലത്തിൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് അഞ്ചാം മന്ത്രിയെ സർമ്മർദ്ദം ചെലുത്തി നേടിയെടുത്തതുപോലെ ഇക്കുറി വലിയ കടുംപിടുത്തം ലീഗ് ഉയർത്താൻ സാധ്യതയില്ല. പകരം ജൂണിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലക്ഷ്യം വച്ചാണ് ലീഗിൻ്റെ വിലപേശൽ എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. എന്നാൽ മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നല്‍കുമെന്ന് വാർത്തകളെയും കോൺഗ്രസ് കേന്ദ്രങ്ങൾ തളളി. നിലവിലെ സാഹചര്യത്തിൽ അതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യവും എകോപന സമിതി യോഗത്തിൽ കോണ്‍ഗ്രസ് ലീഗിനെ അറിയിക്കും.
അതേസമയം, മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് പരസ്യമായി വ്യക്തമാക്കിയിരുന്നു.. ‘ലീഗ് ഒരു കാര്യം പറഞ്ഞാൽ അതിലുറച്ചു നിൽക്കും. നേരത്തെ എടുത്ത നിലപാടിൽ ഒരു വ്യത്യാസവുമില്ല. കാര്യങ്ങൾ തീരുമാനമാകുമ്പോൾ വ്യക്തമായി പറയാം. യുഡിഎഫ് യോഗത്തിൽ അന്തിമ കാര്യങ്ങൾ പറയും. സ്ഥാനാർത്ഥി പ്രഖ്യാപനവും കൃത്യസമയത്തു തന്നെയുണ്ടാകും’എന്നാണ് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
മലപ്പുറത്ത് ചേർന്ന മുസ്‍ലിം ലീഗ് ഉന്നതാധികാര യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.ഇ.ടി. മുഹമ്മദ് ബഷീർ , അബ്ദുസമദ് സമദാനി, ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം തുടങ്ങിയവരും പാണക്കാട് ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. ഉഭയകക്ഷി ചർച്ചകൾ നടക്കുകയാണ്. ലീഗ് ഒഴിച്ചുള്ള എല്ലാ ഘടകകക്ഷികളുമായിട്ടും ചർച്ച പൂർത്തിയാക്കി. മുസ്‍ലിം ലീഗുമായി വരും ദിവസങ്ങളിൽ ചർച്ച പൂർത്തിയാകും. തുടർന്ന് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു