മുംബൈ : ഭർത്താവ് തന്റെ മാതാവിന് പരിഗണനയും പണവും നല്‍കുന്നത് ഭാര്യയ്ക്കെതിരായ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ലെന്ന് മുംബൈ സെഷൻസ് കോടതി.ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീ നല്‍കിയ ഗാർഹിക പീഡന പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സമാന പരാതിയുമായി ഇവർ നേരത്തെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.
ഗാർഹിക പീഡനം നടന്നതായി തെളിവുകളൊന്നും ഇല്ലെന്നും പ്രതികള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ അവ്യക്തമാണെന്നും അഡീഷ്ണല്‍ സെഷൻസ് കോടതി ജഡ്ജ് ആശിഷ് ആയചിത് വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റായ യുവതി സംരക്ഷണം, നഷ്ടപരിഹാം, ധനസഹായം എന്നിവ ആവശ്യപ്പെട്ട് ഗാർഹിക പീഡനനിരോധന നിയമപ്രകാരമാണ് മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യം പരാതി നല്‍കിയത്. മാതാവിന്റെ മാനസികരോഗം മറച്ചുവെച്ചാണ് ഭർത്താവ് തന്നെ വിവാഹം കഴിച്ചതെന്നും വഞ്ചിക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. ഭർതൃമാതാവ് താൻ ജോലിക്കുപോകുന്നതിനെ എതിർക്കാറുണ്ടെന്നും ഭർത്താവും അമ്മയും ചേർന്ന് തന്നോട് വഴക്കിടാറുണ്ടെന്നും യുവതി ആരോപിച്ചു.
1993 മുതല്‍ 2004 വരെ ഭർത്താവിന് വിദേശത്തായിരുന്നു ജോലി. നാട്ടില്‍ അവധിയ്ക്ക് വരുമ്ബോള്‍ അമ്മയെ കാണാൻ പോകുകയും എല്ലാവർഷവും 10,000 രൂപ അവർക്ക് അയക്കുകയും ചെയ്യും. കൂടാതെ അമ്മയുടെ കണ്ണിന്റെ ശസ്ത്രക്രിയക്കായി പണം നല്‍കിയെന്നും ഭർതൃവീട്ടിലെ മറ്റുപലരും തന്നെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍, സ്ത്രീയുടെ ആരോപണങ്ങളെല്ലാം ഭർത്താവും ബന്ധുക്കളും നിഷേധിച്ചു. തന്നെ ഭർത്താവായി പരിഗണിക്കാത്ത സ്ത്രീ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. യുവതിയുടെ ക്രൂരതകള്‍ കാരണം കുടുംബകോടതിയില്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നതായും ഭർത്താവ് വ്യക്തമാക്കി. തന്റെ എൻആർഐ അക്കൗണ്ടില്‍നിന്ന് 21.68 ലക്ഷം രൂപ അനുവാദമില്ലാതെ എടുത്ത ഭാര്യ ഫ്ലാറ്റ് വാങ്ങിയതായും ഇയാള്‍ ആരോപിച്ചു.
Read more:
ഹർജി പരിഗണിക്കുന്നതിനിടെ വിചാണകോടതി പ്രതിമാസം 3,000 രൂപ യുവതിയ്ക്ക് ജീവനാംശം അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് യുവതിയുടെയും മറ്റുള്ളവുടെയും മൊഴികളും തെളിവുകളും ശേഖരിച്ച കോടതി, വിചാണവേളയില്‍ അനുവദിച്ച ഈ ആനുകൂല്യം റദ്ദാക്കിക്കൊണ്ട് ഹർജി തള്ളി. തുടർന്നാണ് യുവതി മുംബൈ സെഷൻസ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഭർത്താവ് അമ്മയ്ക്ക് പണവും പരിഗണനയും നല്‍കുന്നതാണ് യുവതിയുടെ പ്രധാന പരാതിയായി മനസ്സിലാക്കാൻ കഴിയുന്നതെന്നും ഇത് ഒരിക്കലും ഗാർഹിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരി സെക്രട്ടേറിയറ്റില്‍ ജോലിചെയ്ത് ശമ്ബളം വാങ്ങുന്ന ആളാണ് എന്നത് രേഖകളില്‍ വ്യക്തമാണ്.
ഇപ്പോഴുള്ള നടപടികളെല്ലാം യുവതി ആരംഭിച്ചത് ഭർത്താവ് നല്‍കിയ വിവാഹമോചന അപേക്ഷയ്ക്ക് ശേഷമാണെന്നും കോടതി നിരീക്ഷിച്ചു. ഗാർഹിക പീഡനത്തില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ പരിധിയില്‍ യുവതിയ്ക്ക് യാതൊരു ആനുകൂല്യത്തിനും പരിഗണനയ്ക്കും അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. മകള്‍ അവിവാഹിത ആയതിനാല്‍ ജീവനാംശം അനുവദിക്കണമെന്ന സ്ത്രീയുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.