കൊച്ചി: സിപിഎം നേതാവ് പി ജയരാജന്‍ വധശ്രമക്കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി . രണ്ടാം പ്രതി കിളച്ചപറമ്പത്ത് വീട്ടില്‍ ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ബാക്കി എട്ട് പേരെയും വെറുതെ വിട്ടു. 1999 ല്‍ തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് വിധി പറഞ്ഞത്. ജസ്റ്റിസ് പദ്മരാജനാണ് വിധി പറഞ്ഞത്.
ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്, ജയപ്രകാശൻ,കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു.
1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെതിരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. വിചാരണക്കോടതി നേരത്തെ ആറുപേരെ ശിക്ഷിച്ചിരുന്നു. ആര്‍എസ്‌എസ് ജില്ലാ കാര്യവാഹ് ഉള്‍പ്പെടെ ആറ് പ്രതികളെയാണ് കീഴ്ക്കോടതി ശിക്ഷിച്ചിരുന്നത്.
ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ കതിരൂരിലെ കാടിച്ചേരി അജി എന്ന അജിത്‌കുമാര്‍, കതിരൂറ്‍ കക്കറ കിളച്ചപറമ്പത്ത് വീട്ടില്‍ ചിരുകണ്ടോത്ത് പ്രശാന്ത് , ആര്‍എസ്‌എസ് താലൂക്ക് കാര്യവാഹ് പാട്യം പത്തായക്കുന്നിലെ കോയോന്‍ മനു എന്ന മനോജ്, ആര്‍എസ്‌എസ് ജില്ലാ കാര്യവാഹ് കതിരൂറ്‍ ഡൈമണ്‍മുക്കിലെ കുഞ്ഞിപറമ്പത്ത് പാറ ശശി എന്ന വി.ശശിധരന്‍, പാട്യം കിഴക്കെ കതിരൂരിലെ എളന്തോട്ടത്തില്‍ മനോജ്, ഏഴാം പ്രതി ചുണ്ടങ്ങാപ്പൊയില്‍ പുതിയേടത്ത് വീട്ടില്‍ ജെ.പി. എന്ന ജയപ്രകാശ് എന്നിവർക്ക് 10 വർഷം തടവാണ് വിധിച്ചിരുന്നത്. ഇവരിൽ രണ്ടാം പ്രതി കിളച്ചപറമ്പത്ത് വീട്ടില്‍ ചിരുകണ്ടോത്ത് പ്രശാന്ത് ഒഴികെ അഞ്ച് പേരെ ഇന്ന് ഹൈക്കോടതി വെറുതേവിടുകയായിരുന്നു. കേസിലെ അഞ്ച് , എട്ട് പ്രതികൾ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മരണപെട്ടിരുന്നു.