കൊച്ചി: ഫെലൈന്‍ ക്ലബ് ഓഫ് ഇന്ത്യ (എഫ്സിഐ) സംഘടിപ്പിക്കുന്ന 54-ാമത്തേയും 55-ാമത്തേയും ക്യാറ്റ് ഷോ നവംബര്‍ 26, ഞായറാഴ്ച കൊച്ചി, തമ്മനത്തെ ഡിഡി റിട്രീറ്റില്‍ നടക്കും. എഫ്‌സിഐ കേരളത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ ഷോ ആണിതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓസ്ട്രേലിയയില്‍ നിന്നുള്ള മൈക്കല്‍ റെയ്മണ്ട്‌സ് ജഡ്ജിയായെത്തുന്ന ചാമ്പ്യന്‍ഷിപ്പ് ക്യാറ്റ് ഷോയില്‍ 150-ലധികം വിവിധയിനം പൂച്ചകള്‍ പങ്കെടുക്കുമെന്ന് എഫ്സിഐ പ്രസിഡന്റ് സാഖിബ് പത്താന്‍ അറിയിച്ചു. പേര്‍ഷ്യന്‍, മെയ്ന്‍ കൂണ്‍, ബംഗാള്‍, ഇന്ത്യന്‍ ഇനമായ ഇന്‍ഡിമൗ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഇനങ്ങളെ ഷോയില്‍ അവതരിപ്പിക്കും. പൂച്ചകളുടെ ബ്രീഡ് സ്റ്റാന്‍ഡേര്‍ഡ്, രൂപഭാവങ്ങള്‍, സ്വഭാവം എന്നിവയുള്‍പ്പെടെ വിവിധ സ്വഭാവസവിശേഷതകളുടെ അടിസ്ഥാനത്തിലാണ് അവയെ വിലയിരുത്തുക.
പൂച്ചകളുടെ പരിപാലനത്തിലെ മികച്ച രീതികള്‍, അവയുടെ പോഷണം, ആരോഗ്യം എന്നിവയെ കുറിച്ച് വളര്‍ത്തുമൃഗങ്ങളെ പാലിക്കുന്നവര്‍ക്ക് അറിവുകള്‍ പകരുന്ന ഒരനുഭവമായിരിക്കും ഈ ഷോയെന്ന് കൊച്ചിന്‍ പെറ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് സ്ഥാപക ഡയറക്ടറും സിഇഒയുമായ ഡോ. സൂരജ് കെ അഭിപ്രായപ്പെട്ടു. പെറ്റ്ഫുഡ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള മറ്റ് ഉപകരണങ്ങള്‍, പെറ്റ് സേവനങ്ങള്‍, അനുബന്ധ ഉല്‍പ്പന്ന ബ്രാന്‍ഡുകള്‍ എന്നിവയുടെ സ്റ്റാളുകളും ഷോയില്‍ ഉണ്ടായിരിക്കുന്നതാണ്.
തങ്ങളുടെ അരുമകളായ പൂച്ചകള്‍ക്ക് ഏറ്റവും നല്ലത് മാത്രം നല്‍കണമെന്ന പൂച്ചയുടമകളുടെ ആഗ്രഹം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൂച്ചകള്‍ക്കുള്ള ആഹാരസാധനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിപണി വളരെയധികം വളരാന്‍ കാരണമായിട്ടുണ്ടെന്ന് ഇത്തരം സാധനങ്ങള്‍ വിപണനം നടത്തുന്ന റോംസ് എന്‍ റാക്സിന്റെ ഡയറക്ടര്‍ തരുണ്‍ ലീ ജോസ് പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വിവിധയിനം പൂച്ചകളെ കാണാനുള്ള അപൂര്‍വ അവസരമായിരിക്കും ഈ ക്യാറ്റ് ഷോ. ഉപേക്ഷിക്കപ്പെട്ടിടങ്ങളില്‍ നിന്നും വീണ്ടെടുക്കപ്പെട്ട പൂച്ചകളെ ദത്തെടുക്കാനുള്ള അവസരവും ഈ ഷോ ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു