പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളിലൊന്നാണ് ചിട്ടികള്‍. കേരള സര്‍ക്കാര്‍ കമ്പനിയായ കെഎസ്‌എഫ്‌ഇയുടെ വിവിധ ചിട്ടികള്‍ വിപണിയില്‍ ലഭ്യമാണ്.പെട്ടന്ന് പണം കണ്ടെത്താൻ ചിട്ടികള്‍ ഇ ചേരുന്നവരാണെങ്കില്‍ കൃത്യമായ ധാരണയോടെ ചിട്ടിയെ സമീപിച്ചാല്‍ മാത്രമെ ഇവ ലാഭകരമാക്കാൻ സാധിക്കുകയുള്ളൂ.
30% കിഴിവില്‍
ചിട്ടിയുടെ ആദ്യ മാസത്തില്‍ ലേലം വിളിച്ചെടുക്കുന്നവര്‍ ചിട്ടി പരമാവധി ലേല കിഴിവിലാണ് ലഭിക്കുക. റെഗുലര്‍ ചിട്ടികളാണെങ്കില്‍ 30 ശതമാനം വരെ കിഴിവില്‍ വിളിച്ചെടുക്കാൻ സാധിക്കും. മള്‍ട്ടി ഡിവിഷൻ ചിട്ടിയാണെങ്കില്‍ 30 മുതല്‍ 35 ശതമനം വരെയാണ് ലേല കിഴിവ്. 10,000 രൂപ മാസ അടവുള്ള 50 മാസത്തിന്റെ 5 ലക്ഷം രൂപയുടെ ചിട്ടിയാണെങ്കില്‍ 30 ശതമാനം ലേല കിഴിവില്‍ പോകുമ്ബോള്‍ 3.50 ലക്ഷം രൂപ ലഭിക്കും. ഇതിനോടൊപ്പം ജിഎസ്ടിയും നല്‍കണം.
സ്ഥിര നിക്ഷേപമിടാൻ ആദ്യമാസം വിളിക്കരുത്
ചിട്ടി ലേലം വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നതിന് ആദ്യ മാസം പരിഗണിക്കരുത്. പ്രത്യേകിച്ച് ഹ്രസ്വകാല ചിട്ടികളില്‍ ഇത് ഗുണം ചെയ്യില്ല. പലിശ ലഭിക്കാനുള്ള കാലയളവ് കുറവാണെന്നതാണ് കാരണം. ദീര്‍ഘകാല ചിട്ടികളില്‍ ആദ്യ മാസം വിളിച്ചെടുത്താലും ചിട്ടി സ്ഥിര നിക്ഷേപം ചില ഘട്ടങ്ങളില്‍ ലാഭകരമാകാറുണ്ട്. ചിട്ടിയിലെ ലേല കിഴിവിനേക്കാള്‍ പലിശ സ്ഥിര നിക്ഷേപിട്ടാല്‍ ലഭിക്കുമെന്ന് ഉറപ്പാക്കണം.
ജാമ്യം ഉറപ്പാക്കി മാത്രം ചിട്ടി വിളിക്കുക
ചിട്ടിയില്‍ നിന്ന് പണം പിൻവലിക്കുന്നതിന് മുൻപ് മേല്‍ ബാധ്യതയ്ക്ക് എന്ത് ജാമ്യം നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമാകണം. 5 ലക്ഷത്തിന്റെ ചിട്ടി ആദ്യ മാസം വിളിച്ചെടുത്താല്‍ 4.95 ലക്ഷം രൂപയ്ക്ക് ജാമ്യം നല്‍കേണ്ടി വരും. ചിട്ടിയില്‍ ബാക്കി അടയ്ക്കാനുള്ള തുകയാണ് മേല്‍ബാധ്യത. ഈ തുകയ്ക്ക് തുല്യമായ സാലറി സര്‍ട്ടഫിക്കറ്റോ, ഭൂമി രേഖയോ, സ്വര്‍ണം, എല്‍ഐസി സറണ്ടര്‍ വാല്യു എന്നിങ്ങനെയുള്ള വിവിധ ജാമ്യങ്ങള്‍ കെഎസ്‌എഫ്‌ഇ സ്വീകരിക്കും.
ചിട്ടി വിളിച്ചെടുത്തതിന് ശേഷം ജാമ്യം തിരിയാന്‍ ചെന്നാല്‍ ആവശ്യ സമയത്ത് പണം ഉപകരിക്കപ്പെട്ടേക്കില്ല. കാത്തിരുന്നാല്‍ കുറഞ്ഞ ലേല കിഴിവില്‍ ചിട്ടി ലഭിക്കുകയും ചെയ്യും. ഈ നഷ്ടം ഒഴിവാക്കാൻ ചിട്ടി സ്ഥിര നിക്ഷേപമിടാം.
പ്രോക്സി ഉപയോഗിക്കാം
ചിട്ടി വിളിക്കാൻ ചിട്ടി വരിക്കാരന് നേരിട്ടെത്താൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രോക്സി ഉപയോഗിക്കാം. ശാഖ മാനേജറെയോ ചിറ്റാളന് വേറോരാളെയോ പ്രോക്സിയായി നിയമിക്കാം. പ്രോക്സിയായി ശാഖ മാനേജറെ ചുമതലപ്പെടുത്തിയാല്‍ പ്രോക്സി നല്‍കിയ തുകയ്ക്ക് ചിട്ടി വിളിക്കാൻ ആളില്ലെങ്കില്‍ ചിട്ടി ലഭിക്കും. പ്രോക്സി നല്‍കിയ ശേഷം നേരിട്ട് പങ്കെടുത്ത് ചിട്ടി വിളിച്ചാല്‍ പ്രോക്സി റദ്ദാകും. ചിട്ടിയിലെ മാസ അടവ് മുടങ്ങിയാലും പ്രോക്സി റദ്ദാകും. ഇതിനാല്‍ മാസ അടവ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
ചിട്ടി ചേരുന്നതിന് മുൻപ് ശ്രദ്ധിക്കാം
സാധാരണ ഗതിയില്‍ പണത്തിന്റെ ആവശ്യത്തിന് 1-2 വര്‍ഷം മുൻപ് ചിട്ടിയില്‍ ചേരുന്നതാണ് ഉചിതം. ചിട്ടി പണം ലഭിക്കേണ്ട 1 വര്‍ഷത്തിന് ശേഷം പൊതുവെ ലേലം വിളി ആരംഭിക്കുകയും പരമാവധി കിഴിവില്‍ അല്ലാതെ ലാഭകരമായ തുകയ്ക്ക് ചിട്ടി വിളിച്ചെടുക്കാനും സാധിക്കും.
ചിട്ടിയില്‍ ചേരുന്നൊരാള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ചിട്ടിതുക ആവശ്യത്തിന് ഉപകരിക്കുമോ എന്നത്. ചിട്ടിയില്‍ ലേല കിഴിവായി കുറയ്ക്കുന്ന സംഖ്യയും ചിട്ടി പണം ഉപയോഗിച്ചുള്ള നേട്ടവും പരിശോധിച്ചാല്‍ ലാഭമാണെന്ന് കണ്ടാല്‍ മാത്രമെ ചിട്ടി ആദ്യ മാസം വിളിക്കാവൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു