“തരവത്ത് അമ്മാളു അമ്മയെ കുറിച്ച് പ്രമുഖ നിരൂപകൻ എം എം.രാജീവ് കുമാർ എഴുതുന്ന പംക്തി”
നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ തരവത്തു അമ്മാളുഅമ്മയെ ?1910 സെപ്റ്റംബർ 26 ന് ന്നാടുകടത്തപ്പെട്ട ദേശാഭിമാനി രാമകൃഷ്ണപിള്ളയേയും ഭാര്യയെയും മദ്രാസിലെ അരക്ഷി തസാഹചര്യത്തിൽ നിന്ന് പാലക്കാട് സ്വന്തം ഭവനത്തിൽ കൊണ്ടുപോയി താമസിപ്പിച്ച തിരുവത്ത് അമ്മാളുവമ്മയെ ?
1913 ആഗസ്റ്റ് 7 ന് കല്യാണി അമ്മ പ്രസവിക്കുന്നത് തരവത്ത് വീട്ടിൽ വച്ചാണ് പക്ഷേ കുഞ്ഞ് അധിക ദിവസം ജീവിച്ചില്ല.
1915 ജനുവരിയിൽ കല്യാണി അമ്മയ്ക്ക് കണ്ണൂരിൽ ജോലിയായി. ഗവണ്മന്റ് പാഠശാലയിൽ !
അങ്ങനെയാണ് രാമകൃഷ്ണപിള്ളയും ബി. കല്യാണി അമ്മയും കണ്ണൂരിൽ സ്ഥിര താമസമാക്കുന്നത്.
തോട്ടക്കാട്ട് ഇക്കാവമ്മയ്ക്കു ശേഷം മദ്ധ്യ കേരളത്തിലെ വിദുഷിയായിരുന്നു തരവത്ത് അമ്മാളു അമ്മ. സംഘർഷ പൂരിതമായൊരുജീവിതത്തിനുമേൽ സാഹിത്യത്തിന്റെ പുതപ്പു മൂടി അവർ 83 വയസ്സു വരെ ജീവിച്ചു.സാഹിത്യ പരിഷത്തിന്റെ രണ്ടിലധികം സമ്മേളനങ്ങളിൽ മുഖ്യ പങ്കുവഹിച്ചവരിൽ ഒരാളാണ് അമ്മാളു അമ്മ.1927 ഡിസംബർ 31 ന് തൃശൂരിൽ നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുക ചില്ലറക്കാര്യമാണോ?
നാലാം സമ്മേളനത്തിലും അദ്ധ്യക്ഷ പദം അലങ്കരിച്ച സുന്ദരിയായ എഴുത്തുകാരിയെ നിങ്ങൾ ഓർക്കുന്നുണ്ടാവില്ല അന്നത്തെ സ്റ്റാറായിരുന്നു. ഇന്നത്തെ എഴുത്തഛൻ പുരസ്ക്കാരത്തിനും മീതെ അന്ന് കൊച്ചി രാജ്യത്തുള്ള പരമോന്നത സാഹിത്യ അവാർഡ് അതും സ്ത്രീകൾക്ക് കൊടുക്കാൻ രാജാവ് കാത്ത് വച്ചിരുന്ന അവാർഡ് “സാഹിത്യ സഖി” കൊച്ചീരാജാവ് വച്ചു നീട്ടിയപ്പോൾ വേണ്ടെന്നു പറഞ്ഞ വനിതയാണ് തരവത്ത് അമ്മാളു അമ്മകൊച്ചീരാജാവിന്റെ ” സാഹിത്യ സഖി” നിരസിച്ച ഏക എഴുത്തുകാരി എന്ന ബഹുമതി യും സഹൃദയർക്കിടയിൽ അവർ നേടി. മലയാള മാസം 1119 ലാണ് സംഭവം.
ഇന്ന് ആരെങ്കിലും അങ്ങനെ ചെയ്യുമോ? ഭരണത്തിന്റെ ഉപശാലകളിൽ ആണും പെണ്ണും ഒരുപോലെ പുരസ്ക്കാരങ്ങൾക്ക് പഴയ രാഷ്ട്രീയ ബന്ധങ്ങൾ പൊടി തട്ടി എടുക്കുന്ന കാലമല്ലേ ഇത്. പാച്ചല്ലൂർ കുഞ്ഞിരാമന്റെ പേരിലുള്ള അവാർഡ് പോലും സായൂജ്യ വാരിധിയിൽ മുങ്ങി വാങ്ങുന്ന ഇക്കാലത്ത് അമ്മാളു അമ്മയെ മനസ്സിലാക്കാനൊന്ന് പുളിക്കും. ഒരു സ്ത്രീയാണ് കൊച്ചീരാജാവിന്റെ സമ്മാനം വേണ്ടന്നുവച്ചത്.
ഒരുസ്ത്രീ ഇത് ചെയ്യുമ്പോഴാണ് ചരിത്രമാകുന്നത്. എന്നാൽ സ്ത്രീചരിത്രം എഴുതാൻ പേനയിൽ മഷി നിറച്ചിരിക്കുന്നവർ ചുവപ്പിൽ മഷിയിട്ടു നോക്കുന്നവരല്ലേ.
സ്ത്രീകളും പുരുഷന്മാരോടൊപ്പമോ അതിൽക്കവിഞ്ഞോ സാഹിത്യാഭിരുചിക്ക് വിളനിലമാകണമെന്നായിരുന്നു അമ്മാളു അമ്മയുടെ ആഹ്വാനം.എന്തിന് സ്ത്രീ പുരുഷ സമത്വം വലിയവായിൽ പറഞ്ഞിട്ട് വീട്ടിൽ ഭർത്താവിന്റെ അടിമയായി തിരിഞ്ഞു തീരുന്ന തിരുകല്ലായിരുന്നില്ല അവർ. അരഞ്ഞു തീരുന്ന അമ്മിക്കുഴ വിയുമായിരുന്നില്ല, തരുവത്ത് അമ്മാളു അമ്മ !
കറകളഞ്ഞ എഴുത്തുകാരിയായിരുന്നു.പറയാനുള്ള ആശയങ്ങളെ നാല് പേർ കേൾക്കെ വിളിച്ചു പറയാൻ ധൈര്യം കാട്ടിയ മഹിള .
“എന്റെ ധൈര്യം എന്റെ ഭർത്താവാ… ചേട്ടൻ”എന്ന് പറയുന്ന എനമായിരുന്നില്ല അമ്മാളു അമ്മ ! മറ്റ് സ്ത്രീകൾക്കും പ്രചോദനമായിരുന്നു അവർ. അല്ലെങ്കിൽ”ലക്ഷ്മീഭായി” മാസികയിൽ “സ്ത്രീകളുടെ സാഹിത്യവാസന “എന്ന ലേഖനം എഴുതുമായിരുന്നോ?ആകെ പത്തു കൃതികളേ അമ്മാളു അമ്മ എഴുതിയിട്ടുള്ളൂ . എന്തിനധികം?
കണ്ണൂരിലേക്ക് താമസം മാറ്റിയ ദേശാഭിമാനി രാമകൃഷ്ണപിള്ളയുമായി ബൗദ്ധികമായ കത്തിടപാടുകൾ നടത്തിയ സ്ത്രീയാണ് അവർ.
ആരെയും കൂസാതെ എഴുതാൻ ആ ചങ്ങാത്തവും ഒരു കാരണമാകാം.ബി. കല്യാണിയമ്മയുടെ ആത്മ കഥയിൽ ഇവരെപ്പറ്റി പ്രത്യേകം പരാമർശിക്കുന്നുണ്ട്..മലയാളത്തിന് പുറമേ സംസ്കൃതം, തമിഴ് എന്നീ ഭാഷകളിൽ സ്വയാർജിതമായ വ്യുൽപ്പത്തി സമ്പാദിച്ച തരവത്ത് അമ്മാളു അമ്മയുടെ പ്രമുഖ കൃതികൾ പത്തിലധികമുണ്ട്.
മൂന്ന് ഭാഗങ്ങളിലെഴുതിയ ഭക്തമാലയാണ് ആദ്യം. സംസ്കൃത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. മറ്റൊരു സംസ്കൃത കാവ്യ പരിഭാഷയാണ്1908 ൽ എഴുതിയ “ശിവ ഭക്തിവിലാസം ” “കൃഷ്ണഭക്തി ചന്ദിക” എന്ന കൃതി ഒരു നാടക പരിഭാഷയാണ്. 1911 ൽ തമിഴ് നോവലിനെ ആസ്പദമാക്കി രചിച്ച ” ലീല ” അതേ വർഷം തന്നെ പ്രസിദ്ധപ്പെട്ടത്തിയ തമിഴ് ബാലകഥകളുടെ സഞ്ചയം “ബാലബോധിനി “, 1912 ൽ പ്രസിദ്ധപ്പെടുത്തിയ “കൃഷ്ണ ഭക്തി ചന്ദിക” , എ ഡ്വിൻ അർ നോളിന്റെ കൃതികയിൽ നിന്ന് ഊർജം കൊണ്ട “ബുദ്ധചരിത്രം “സിഗാലൻ എന്ന ബ്രാഹ്മണന് ബുദ്ധൻ നൽകുന്ന ഉപദേശമടങ്ങുന്ന “, ബുദ്ധ ഗാഥ, ” രണ്ട് ഭാഗങ്ങളിലെഴുതിയ “കോമളവല്ലി “, എന്ന നോവൽ. ശങ്കരാചാര്യ കൃതികളുടെ സത്തയിൽ രചിച്ച “സർവവേദാന്തസിദ്ധാന്ത സംഗ്രഹം “, 1928 ൽ തമിഴിൽ നിന്ന് മലയാളത്തിലാക്കിയ “ശ്രീ ശങ്കരവിജയം ” യാത്രാവിവരണമായ “ഒരു തീർഥയാത്ര “…
സ്ത്രീകളൊന്നും മരുന്നിനു പോലും സാഹിത്യത്തിൽ പ്രവർത്തിക്കാതിരുന്ന കാലത്താണ് തരുവത്ത് അമ്മാളു അമ്മ നോവൽ, യാത്രാവിവരണം, കവിത, ദർശനം എന്നിവയിൽ കൃതികൾ പലതും എഴുതുന്നത്.
1925 ൽ പ്രകാശനം ചെയ്ത “തീർഥയാത്ര ” യാണ് കൃതികളിൽ പ്രധാനം. ഒരു യാത്രാ വിവരണമാണിത്. അനുജനായ ഡോക്ടർ ടി.എ. നായരുടെ ഭൗതികാവശിഷ്ടങ്ങൾ ഗംഗയിൽ നിക്ഷേപിക്കുന്നതിനായി ഉത്തരേന്ത്യയിൽ പോയ യാത്രയുടെ വിവരങ്ങളാണ്.. 12 അദ്ധ്യായങ്ങളിൽ പ്രതിപദിച്ചിരിക്കുന്നത്. ശ്രീജഗന്നാഥ പുരി , കൽക്കത്ത , കാശി, കാശിനഗരം, ഗംഗാസ്നാനം, വിശ്വനാഥദർശനം, ഗയ, ദശ ദർശനം , ശ്രീഗയ, അയോദ്ധ്യാ , രാമേശ്വരം, ശ്രീരാമ ദർശനം,… ഇങ്ങനെയാണ് അദ്ധ്യായങ്ങൾ. സ്ഥലപുരാണ വിവരങ്ങളാണ് കൂടുതൽ. എങ്കിലും അനുജനോടുള്ള സ്നേഹത്തിന്റെ നനുത്ത നൂൽ കൊണ്ട് തുന്നിയതാണീ കൃതി.
1914 ൽ ഇളയ സഹോദരനെ പരിചരിച്ചു കൊണ്ടഴുതിയ കൃതിയാണ് “കോമളവല്ലി. ” എന്ന നോവൽ. 1919 ൽ ഈ കൃതി രണ്ടു ഭാഗമായി പുറത്തു വന്നു.സഹോദരൻ ഡോ.ടി.എ. നായർ മദ്രാസിൽ എം.ബി.സി.എം ജയിച്ച ശേഷം ഇംഗ്ലണ്ടിൽ പോയി എം.ഡി. ബിരുദം സമ്പാദിച്ചു. മദ്രാസിൽ വിപുലമായ പ്രാക്ടീസ് നടത്തിയിരുന്നു. അവിടെ ചികിത്സ തേടി എത്തിയ കാലത്താണ് ദേശാഭിമാനി രാമകൃഷ്ണപിള്ളയും കല്യാണിയമ്മയേയും അമ്മാളു അമ്മ പരിചയപ്പെടുന്നത്.
ഒന്നാം ലോക മഹായുദ്ധകാലത്ത് ഡോ.ടി.എ. നായർ ആസ്പത്രിക്കപ്പലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ” അബ്രാഹ്മണ പ്രസ്ഥാന ” ത്തിന്റെ സ്ഥാപകനായിരുന്നു. അവകാശങ്ങൾക്കു വേണ്ടി പാർലമെന്റിലും അധികൃതരെ കാണാൻ ഇംഗ്ലണ്ടിൽ വരെയും പല തവണ പോയിട്ടുണ്ട്. 1919 ജൂലൈ 17 ന് ലണ്ടനിൽ വച്ച് ഹൃദ്രോഗ ബാധിതനായിട്ടാണ് മരണം സംഭവിക്കുന്നത്. വലിയ അടുപ്പമായിരുന്നു സഹോദരിയും സഹോദരനും തമ്മിൽ.1936 ജൂൺ 6 നായിരുന്നു തരവത്ത് അമ്മാളു അമ്മ അന്തരിക്കുന്നത്. അവരേക്കാൾ 20 വയസ്സിന് ഇളയതാണ് ബി.കല്യാണിയമ്മ. 16 വയസ്സിന് ഇളയതാണ് ടി.സി. കല്യാണിയമ്മ !
ടിപ്പുവിന്റെ ആക്രമണകാലത്ത് മലബാറിൽ നിന്ന് പാലക്കാട്ടു പറളിയിൽ വന്ന് അഭയം പ്രാപിച്ച പൂർവ്വികരാണ് തരവത്ത് അമ്മാളു അമ്മയുടേത്. അച്ഛൻ മലബാറിൽ പലടത്തും മുൻസിഫായിരുന്നു. അമ്മ കൊച്ചിലേ മകളെ സംഗീതം പഠിപ്പിച്ചു. 15-ാംവയസ്സിൽ വിവാഹം. പുന്നത്തുർകോവിലകത്തെ തമ്പുരാൻ. രണ്ടു കുട്ടികൾ പിറന്നതോടെ തമ്പുരാൻ കൈയ്യൊഴിഞ്ഞ് പൊടീം തട്ടിപ്പോയി. അച്ഛനും പെൻഷ്യൻ പറ്റി വീട്ടിൽ വന്നു. പാലക്കാട് വീടു വാങ്ങി. ആറാം മാസം അഛൻ ചരമമടഞ്ഞു. അമ്മാളു അമ്മക്ക് പ്രായം 19. അന്നേ തമിഴ് സംസ്കൃത ഗ്രന്ഥങ്ങൾ വായിച്ചു തള്ളുമായിരുന്നു.
മാതാവിന്റെ നിർബന്ധം കാരണം വേണ്ടാ വേണ്ടാ എന്നു പറഞ്ഞിട്ടും രാമപുരം വാര്യത്തെ കൃഷ്ണവാര്യരെ ഭർത്താവായി സ്വീകരിച്ചു. വാര്യർ പണക്കാരനായ വൈദ്യനായിരുന്നു. പിന്നീട് അതിൽ മൂന്ന് പെൺമക്കളുമുണ്ടായി.അച്ഛൻ മരിച്ച് രണ്ട് കൊല്ലം കഴിഞ്ഞില്ല. ആദ്യത്തെ വകയിലെ രണ്ട് മക്കളിൽ പുത്രൻ മരിച്ചു. പിറ്റേക്കൊല്ലം പുത്രിയും. അതേ വർഷം തന്നെ രണ്ടാമത്തെ വകയിലെ ഒരു പെൺകുട്ടിയും മരിച്ചു. തുടരെത്തുടരെ ബന്ധു വിയോഗമായിരുന്നു. രണ്ടാമാത്തെ ഭർത്താവ് വരെ മരിച്ചു.ഒടുവിൽ രണ്ട് പെൺ സന്താനങ്ങൾ മാത്രം അവശേഷിച്ചു.മൂന്നാമതും കല്യാണം കഴിച്ചു വടക്കുംതറ വാര്യത്ത് ഉണ്ണിക്കൃഷ്ണ വാര്യർ.
മൂത്ത മകൾ അമ്മു അമ്മയും എഴുത്തുകാരിയായിരുന്നു “കമലാഭായി” , “ശാരദ കുമാരി ” തുടങ്ങിയ നോവലുകൾ എഴുതി. സ്ത്രീ പ്രാധാന്യമുള്ള നോവലുകളായിരുന്നു അവ. നോക്കണേ1922 ൽ ആ മകളും അകാലത്തിൽ അന്തരിച്ചു.തെരുവത്ത് അമ്മിണിയമ്മയാണ് അമ്മാളുവമ്മയുടെ ഏറ്റവും ഇളയ മകൾ. ” അമ്മാളു അമ്മയുടെ ജീവചരിത്രം ” എഴുതിയത് അവരാണ്. “വീരപത്നി ” എന്നൊരു നോവലും എഴുതി. ഇന്ത്യാഗവണ്മന്റിലെ കൂടിയ ഉദ്യോഗമായിരുന്നു ഭർത്താവിന്, കോമത്ത് മൂപ്പിൽ ഗോവിന്ദൻ നായർക്ക്.
സംഘർഷങ്ങളുടെ ഒരു ആന്തരിക ജീവിതമായിരുന്നിരിക്കണം തരവത്ത് അമ്മാളുവമ്മയുടേത്. ഉറ്റവരുടെ മൃത്യുവിന്റെ വിളയാട്ടം ജീവിതത്തിൽ ഉടനീളം കണ്ടു കൊണ്ട് ജീവിച്ച എഴുത്തുകാരിയുടെ കൃതികളിലൂടെ സൂക്ഷ്മമായി കടന്നു പോകേണ്ടതുണ്ട്. ഇത്രയധികം വിയോഗങ്ങളുണ്ടായിട്ടുള്ള ഒരെഴുത്തുകാരി മലയാളത്തിൽ വേറെ ആരുണ്ട്. ? എന്തായാലും അവരുടെ കൃതികളിൽ അതിന്റെ പ്രതിഫലനം ഉണ്ടായിക്കാണുമല്ലോ. വിഷയം ഫെമിനിസ്റ്റ് ഗവേഷകർക്ക് വിടുന്നു.