കൊച്ചി: 2023 ൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായ്ക്ക് സ്പോർട്സ് ബിസിനസ് ലീഡർ ഓഫ് ദി ഇയർ അവാർഡ്. ഇന്ത്യൻ കായികരംഗത്തെ പരിവർത്തനാത്മകമായ സ്വാധീനത്തിനും അസാധാരണമായ നേതൃത്വത്തിനും ഉള്ള അംഗീകാരമായാണ് സിഐഐ സ്പോർട്സ് ബിസിനസ് അവാർഡുകളുടെ ഭാഗമായ ഈ അവാർഡ്. ടാറ്റാ സ്റ്റീല്‍ വൈസ് പ്രസിഡന്‍റും സിഐഐ ദേശീയ സ്പോർട്‌സ് കമ്മിറ്റി ചെയര്‍മാനുമായ ചാണക്യ ചൗധരി ജയ് ഷായ്ക്ക് പുരസ്കാരം സമ്മാനിച്ചു.
ജയ് ഷായുടെ മേൽനോട്ടത്തിൽ, അടുത്തിടെ സമാപിച്ച ഐസിസി പുരുഷ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ലോകകപ്പായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ സംഘാടന വൈദഗ്ധ്യത്തിന്‍റെ തെളിവായി വിലയിരുത്തപ്പെട്ടിരുന്നു. ടൂർണമെന്‍റിന്‍റെ ഉജ്ജ്വല വിജയം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കുക മാത്രമല്ല, ആഗോള ക്രിക്കറ്റ് പവർഹൗസ് എന്ന നിലയിൽ ഇന്ത്യയുടെ പദവി ഉറപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റിൽ വേതന തുല്യത സാക്ഷാത്കരിച്ചതും ജയ് ഷായുടെ നേതൃത്വത്തിൽ നതന്ന ശ്രദ്ധേയമായ മുന്നേറ്റങ്ങളിലൊന്നാണ്. പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യമായ പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പാക്കിയത് ഇന്ത്യൻ കായികരംഗത്തെ മാതൃകാപരമായ മാറ്റമായിരുന്നു. രാജ്യത്തെ മുൻനിര വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കിയ വിമൻസ് പ്രീമിയർ ലീഗ് സ്ഥാപിക്കുന്നതിനും ജയ് ഷാ നേതൃത്വം നൽകി. ഐസിസി ഒളിമ്പിക്സ് വർക്കിംഗ് ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ ക്രിക്കറ്റിനെ ഒളിമ്പിക്സിലേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.