ബെനോനി∙ അണ്ടർ 19 ലോകകപ്പിലാണ് ഇന്ത്യ ഓസീസിനു മുന്നിൽ വീണു. കപ്പ് നിലനിർത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ നേടിയത് 79 റൺസിന്റെ മിന്നും വിജയം. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തപ്പോൾ ഇന്ത്യ 43.5 ഓവറിൽ 174 റൺസെടുത്തു പുറത്തായി. അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടമാണ് ദക്ഷിണാഫ്രിക്കയിലെ ബെനോനിയിൽ സ്വന്തമാക്കിയത്. 77 പന്തുകൾ നേരിട്ട് 47 റൺസെടുത്ത ആദർശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി മഹ്‍ലി ബേഡ്മാൻ, റാഫ് മക്മിലൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇന്ത്യൻ നിരയിൽ മുരുകൻ അഭിഷേക് (46 പന്തിൽ 42), മുഷീർ ഖാൻ (33 പന്തിൽ 22), നമൻ തിവാരി എന്നിവരാണ് ആദർശ് സിങ്ങിനെ കൂടാതെ രണ്ടക്കം കടന്ന ബാറ്റർമാർ. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയോടു തോൽക്കുന്നത്. മുൻപ് രണ്ടു തവണ നേർക്കുനേർ വന്നപ്പോഴും ഇന്ത്യയ്ക്കായിരുന്നു വിജയം.
മറുപടി ബാറ്റിങ്ങിൽ മൂന്ന് റൺസിൽ നിൽക്കെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. അർഷിൻ കുൽക്കർണിയെ കലും വിഡ്‍ലർ ഓസീസ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. തകർപ്പൻ ഫോമിലുള്ള മുഷീർ ഖാനും ഫൈനലിൽ കാലിടറി. മഹ്‍ലി ബേർഡ്മാന്റെ പന്തു നേരിടാനാകാതെ മുഷീർ ബോൾഡാകുകയായിരുന്നു. ഉദയ് സഹറാനും സച്ചിൻ ദാസും തിളങ്ങാനാകാതെ മടങ്ങിയതോടെ ഇന്ത്യ കടുത്ത സമ്മർദത്തിലായി.
ബേഡ്മാന്റെ പന്തിൽ ക്യാപ്റ്റൻ വെയ്ബെൻ ക്യാച്ചെടുത്താണ് സഹറാനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ മക്മില്ലന്റെ പന്തിൽ സച്ചിൻ ദാസും മടങ്ങി. മധ്യനിരയും വാലറ്റവും വലിയ പോരാട്ടങ്ങളില്ലാതെയാണ് തോൽവി സമ്മതിച്ചത്. പ്രിയൻഷു മൊലിയ ഒൻപതു റൺസെടുത്തു. സ്കോർ 91 ൽ നിൽക്കെ വിക്കറ്റ് കീപ്പർ ബാറ്റർ അരവെല്ലി അവനിഷ് പൂജ്യത്തിനു പുറത്തായി.
27.5 ഓവറിലാണ് (168 പന്തുകൾ) ഇന്ത്യ 100 കടന്നത്. തുടർച്ചയായി വിക്കറ്റുകൾ വീണപ്പോഴും ഓപ്പണർ ആദർശ് സിങ്ങിന്റെ സാന്നിധ്യമാണ് ഇന്ത്യയ്ക്ക് ചെറിയൊരു പ്രതീക്ഷയെങ്കിലും ബാക്കി വച്ചത്. പക്ഷേ അർധ സെഞ്ചറി തികയ്ക്കാനാകാതെ താരം മടങ്ങി. സ്കോർ 115 ൽ നിൽക്കെ ബേഡ്മാന്റെ പന്തിൽ ഓസീസ് വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത് ആദർശിനെ പുറത്താക്കി. വാലറ്റത്ത് പൊരുതി നിന്ന മുരുകൻ അഭിഷേകിനെ കലും വിഡ്‍ലറുടെ പന്തിൽ ഓസീസ് ക്യാപ്റ്റൻ ക്യാച്ചെടുത്തു പുറത്താക്കി. നമൻ തിവാരി 35 പന്തിൽ 14 റൺസെടുത്തു.