ന്യൂഡൽഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിൾ വികസിപ്പിച്ച ഭാഷാ മോഡലായ ബാർഡ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ആവശ്യാനുസരണം യൂട്യൂബിലെ വിവരങ്ങൾ ശേഖരിച്ച് നൽകുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. യൂട്യൂബ് വീഡിയോ ഉള്ളടക്കം മനസിലാക്കി ഉപയോക്താവിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ ശേഖരിച്ച് നൽകുന്ന തരത്തിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.
ഗവേഷണ പ്രവർത്തനങ്ങൾ, ഭക്ഷണ പാചകക്കുറിപ്പുകൾ, കണ്ടെത്തൽ തുടങ്ങിയവയ്ക്ക് ഈ ഫീച്ചർ പ്രയോജനം ചെയ്യും. കൂടാതെ ഉപയോക്താവിന് സമയമില്ലെങ്കിൽ ദൈർഘ്യമേറിയ യൂട്യൂബ് വീഡിയോകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി സംക്ഷിപ്ത രൂപം തയ്യാറാക്കി നൽകുന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്.
ഉപയോക്താവിന് ആവശ്യമുള്ള കാര്യങ്ങളുടെ വിവരങ്ങൾ മാത്രം ശേഖരിക്കുന്നതിനാൽ ഇത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യും.വീഡിയോ ഉള്ളടക്കം മനസിലാക്കാനുള്ള കഴിവ് ബാർഡിന് സെപ്റ്റംബറിൽ തന്നെ ലഭിച്ചിരുന്നു. എന്നാൽ ഈ ഫീച്ചർ പൂർണ തോതിൽ പ്രവർത്തിക്കുന്നത് ഇപ്പോഴാണ്. വീഡിയോ ഉള്ളടക്കം മനസിലാക്കാനും സന്ദർഭോചിതമായി മറുപടി നൽകാനും കഴിയുന്ന തരത്തിലാണ് ഫീച്ചർ വികസിപ്പിച്ചത്.