ടിക് ടോക്കിന് പകരക്കാരനാകാന്‍ ഇന്‍സ്റ്റഗ്രാം; 'റീല്‍സ്' ഇന്ത്യയില്‍ പരീക്ഷിക്കുന്നു

google news
ടിക് ടോക്കിന് പകരക്കാരനാകാന്‍ ഇന്‍സ്റ്റഗ്രാം; 'റീല്‍സ്' ഇന്ത്യയില്‍ പരീക്ഷിക്കുന്നു

ടിക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ പുതിയ ടൂള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കന്‍ഡ് വീഡിയോകള്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ നിര്‍മ്മിക്കുകയും സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാം. പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

ഇന്‍സ്റ്റഗ്രാം റീല്‍സ് നിലവില്‍ ലഭ്യമല്ലെങ്കിലും അധികം വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് കമ്പനിയുമായ അടുത്ത വൃത്തങ്ങള്‍ പറയുന്നു. പുതിയ സംവിധാനം ഇന്‍സ്റ്റഗ്രാമുമായി യോജിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റീല്‍സിലൂടെ നിര്‍മ്മിക്കുന്ന വീഡിയോകള്‍ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാമെന്നും കമ്പനി അറിയിക്കുന്നു.

15 സെക്കന്‍റ് വരെയാണ് വീഡിയോ നിര്‍മ്മിക്കാവുന്ന പരമാവധി ദൈര്‍ഘ്യം. ഇതിലൂടെ സംഗീതവും എ.ആര്‍ എഫക്ട്സും യോജിപ്പിക്കുകയും ചെയ്യാം. ടൈമര്‍, സ്പീഡ്, റിവൈന്‍‍ഡ്, അലൈന്‍ എന്നിങ്ങനെ വീഡിയോ നിര്‍മ്മിക്കാവുന്ന എല്ലാ ഉപകരണങ്ങളും ഇതില്‍ പ്രവര്‍ത്തനക്ഷമമാണ്. റീല്‍സില്‍ വീഡിയോ നിര്‍മ്മിക്കുന്നവരുടെ പ്രത്യേക പ്രൊഫൈല്‍ സെക്ഷനും ഇതില്‍ സംവിധാനിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം ക്യാമറ ഇന്‍റര്‍ഫേസിനൊപ്പം ഓപ്ഷനായാണ് റീല്‍സ് ടൂള്‍ ലഭിക്കുക. ഇതില്‍ വീഡിയോ എടുത്ത് എഡിറ്റും ചെയ്യാന്‍ പറ്റും. ഗ്രീന്‍ സ്ക്രീന്‍ പോലെ ചില മാര്‍ക്വി എഫക്റ്റ്സും ലഭിക്കും. റീലില്‍ നിര്‍മ്മിക്കപ്പെടുന്ന വീഡിയോകള്‍ കാണുവാന്‍ നിങ്ങള്‍ക്ക് റീല്‍സ് എന്ന ടാബ് ലഭിക്കും. ഇതില്‍ ടിക്ടോക്ക് പോലെ തന്ന നിലയ്ക്കാതെ റീല്‍സ് വീഡിയോകള്‍ ലഭിക്കും. ഇന്‍സ്റ്റഗ്രാം റീല്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ഫോളേവേഴ്‌സുമായി വീഡിയോ പങ്കിടാന്‍ കഴിയും.

ഇന്ത്യയില്‍ 88 മില്യണ്‍ ഉപയോക്താക്കളുള്ള ഇന്‍സ്റ്റഗ്രാം പുതിയ നീക്കം വലിയ ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. ടിക് ടോക്കിലെ നിലവിലെ വീഡിയോ മേക്കേഴ്സിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കം സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.

ടിക്ടോക്ക് പോലുള്ള ആപ്പുകള്‍ക്ക് ബദലായി 2018ല്‍ ഐജി ടിവി എന്ന സ്റ്റാന്‍റ് എലോണ്‍ ആപ്പ് ഇന്‍സ്റ്റഗ്രാം നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഈ വീഡിയോ ഫീച്ചര്‍ ആപ്പ് വലിയ വിജയം നേടിയില്ല. ഇതുവരെ 7 മില്ല്യണ്‍ ഡൌണ്‍ലോഡ് മാത്രമാണ് ഈ ആപ്പിന് ലഭിച്ചത്. നിലവില്‍ ചിങ്കാരി, മിത്രാേന്‍ എന്നീ ആപ്പുകളാണ് ടിക് ടോക്കിന് പകരക്കാരായുള്ളത്. ഇന്‍സ്റ്റാഗ്രാമിന്റെ ജനപ്രീതി റീല്‍സിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Tags