ഗസ്സ സിറ്റി: ഗസ്സയിലെ കൊടും ദുരിതം ഇരട്ടിയാക്കി പട്ടിണിയും ശിശുമരണവും പടരുന്നതിനിടെ സഹായം കാത്തുനിൽക്കുന്നവരെ കൊന്നും ഇസ്രായേൽ ക്രൂരത. ഗസ്സ സിറ്റിയിലാണ് സഹായ ട്രക്കുകൾക്കായി വരിനിന്നവർക്കുമേൽ ഡ്രോണുകളും പീരങ്കികളും തീ തുപ്പിയത്. ആയിരങ്ങളാണ് ഇവിടെ കാത്തുനിന്നിരുന്നതെന്നും ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലാക്കിയിട്ടുണ്ട്.
ഗസ്സയിലേക്ക് കടത്തിവിടുന്ന സഹായ ട്രക്കുകൾ തടയുന്നതും ഇസ്രായേൽ തുടരുകയാണ്. പ്രതിദിനം 500ലേറെ ഭക്ഷണ ട്രക്കുകൾ ആവശ്യമായിടത്ത് 100ൽ താഴെ മാത്രമാണ് നിലവിൽ ഗസ്സയിലെത്തുന്നത്. ഇസ്രായേൽ അനുമതി നൽകാത്തതിനാൽ ആയിരക്കണക്കിന് ട്രക്കുകൾ റഫ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പട്ടിണി ആയുധമാക്കി ഫലസ്തീനികളെ തളർത്തുകയാണ് ഇസ്രായേൽ ലക്ഷ്യമെന്നാണ് ആക്ഷേപം.
ദിവസങ്ങളോളം ഒന്നും കഴിക്കാൻ ലഭിക്കാത്തവർ കാലികളുടെ ഭക്ഷണവും ഇലകളും മറ്റും കഴിച്ച് വിശപ്പടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുഞ്ഞുങ്ങളിലേറെയും കൊടുംപട്ടിണിയിലാണ്.വടക്കൻ ഗസ്സയിലെ മൂന്നു ലക്ഷത്തോളം പേരാണ് ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത്. ഇവിടേക്ക് പ്രതിദിനം രണ്ടു ട്രക്കുകൾ മാത്രമാണ് കടത്തിവിടുന്നത്.
കടുത്ത ഇസ്രായേൽ ഉപരോധത്തിൽ കഴിയുന്ന ഇവിടെ സഹായം എത്തിച്ചിരുന്ന യു.എൻ അഭയാർഥി ഏജൻസിക്ക് സഹായം റദ്ദാക്കുക വഴി പടിഞ്ഞാറൻ രാജ്യങ്ങൾ കൊടും പട്ടിണി വിളിച്ചുവരുത്തുകയായിരുന്നുവെന്ന് യു.എൻ അഭയാർഥി ഏജൻസി കുറ്റപ്പെടുത്തുന്നു. യു.എസും യൂറോപ്യൻ രാജ്യങ്ങളിലേറെയും സഹായം റദ്ദാക്കിയിട്ടുണ്ട്. ഇതുവഴി 22 ലക്ഷം ഫലസ്തീനികൾക്ക് ഭക്ഷണം മുടങ്ങിയെന്ന് ഗസ്സയിലെ യു.എൻ പ്രത്യേക പ്രതിനിധി മൈക്കൽ ഫഖ്രി കുറ്റപ്പെടുത്തി.
ഗസ്സയിൽ എല്ലാ വരുമാന മാർഗങ്ങളും ഇസ്രായേൽ അടച്ചുകളഞ്ഞതിനാൽ മഹാഭൂരിപക്ഷം ഫലസ്തീനികളും യു.എൻ ഏജൻസി നൽകുന്ന സഹായം വഴിയാണ് വിശപ്പടക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം, ആതുര സേവനം, ബേക്കറികൾക്ക് ധാന്യപ്പൊടി എന്നിവയുടെ വിതരണവും കുടിവെള്ള ശുദ്ധീകരണവും നടത്തുന്നതും ഏജൻസിയാണ്. ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്.