ലണ്ടന്‍: ബ്രിട്ടീഷ് പോഡ്‌കാസ്റ്ററും ലൈഫ് കോച്ചും ഇന്‍ഫ്ലുവെന്‍സറുമായി ജെയ് ഷെട്ടി സോഷ്യൽ മീഡിയ പോസ്റ്റുകൾ കോപ്പിയടിച്ചെന്നും. തന്‍റെ മുന്‍കാല ജീവിതം സംബന്ധിച്ച് കള്ളങ്ങള്‍ പറഞ്ഞെന്നും റിപ്പോര്‍ട്ട്. ‘തിങ്ക് ലൈക്ക് എ മങ്ക്: ട്രെയിൻ യുവർ മൈൻഡ് ഫോർ പീസ് ആൻഡ് പർപ്പസ് എവരി ഡേ’ എന്ന ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തിന്‍റെ രചയിതാവാണ് ജയ് ഷെട്ടി. സ്കൂള്‍ അവധിക്കാലത്ത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ മൂന്ന് വർഷം ചെലവഴിച്ചുവെന്നത് തെറ്റാണ് എന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നത്.
ജയ് ഷെട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ “സ്കൂൾ കാലഘട്ടത്തിൽ, ജയ് ഷെട്ടി ഇന്ത്യയിലെ സന്യാസിമാരോടൊപ്പം അവരുടെ ജ്ഞാനത്തിലും ശിക്ഷണത്തിലും അവധിക്കാലം ചെലവഴിച്ചിട്ടുണ്ട്.” എന്ന് പറയുന്നുണ്ട്. ഇത് അടക്കമുള്ള വാദങ്ങളാണ് പുതിയ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ലണ്ടനിൽ ജനിച്ച് വളര്‍ന്ന ജയ് ഷെട്ടിയുടെ “ഓൺ പർപ്പസ്”പോഡ്‌കാസ്റ്റ് ഏറെ പ്രശസ്തമാണ്. മിഷേൽ ഒബാമ, കിം കർദാഷിയാൻ, തുടങ്ങിയ ആഗോള പ്രശസ്തര്‍ ഈ പോഡ്കാസ്റ്റില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ജയ് ഷെട്ടി സർട്ടിഫിക്കേഷൻ സ്കൂളും ഇദ്ദേഹം നടത്തുന്നുണ്ട്. ഇവിടെ ‘ജയ് ഷെട്ടി ഡിസ്പ്ലിന്‍’ എന്ന ക്ലാസിന് ആയിരക്കണക്കിന് ഡോളറാണ് ഫീസ്. എന്നാല്‍ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച പുതിയ അന്വേഷണ റിപ്പോർട്ടില്‍ ജയ് ഷെട്ടിയുടെ ഭൂതകാലം സംബന്ധിച്ചും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും എല്ലാം സംശയം ഉന്നയിക്കുന്നു എന്നാണ് വിവരം.
18-ാം വയസ്സിൽ ഒരു സന്യാസിയുടെ പ്രഭാഷണം കേട്ടപ്പോൾ തന്‍റെ ജീവിതം എങ്ങനെ മാറിയെന്ന കഥ ഉൾപ്പെടെ ജയ് ഷെട്ടിയുടെ ജീവചരിത്രത്തിലെ ചില കാര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. അതിനൊപ്പം തന്നെ ഷെട്ടിയുടെ ബയോഡാറ്റയിൽ ഒരു ബിസിനസ് സ്‌കൂളിൽ നിന്ന് ബിഹേവിയറൽ സയൻസിൽ ബിരുദം നേടിയെന്ന് പറയുന്നു. എന്നാല്‍ ആ ബി സ്കൂള്‍ അത്തരം ഒരു കോഴ്സ് നടത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യൂട്യൂബർ നിക്കോൾ ആർബർ ജയ് ഷെട്ടി പറയുന്ന കഥകൾക്ക് പിന്നിലെ ഉറവിടങ്ങൾ തുറന്നുകാട്ടിയതിനെത്തുടർന്ന് 2019-ൽ ജയ് ഷെട്ടി യൂട്യൂബിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും നൂറിലധികം പോസ്റ്റുകൾ നീക്കം ചെയ്തതായും റിപ്പോർട്ട് പറയുന്നു. ആർബറിന്‍റെ വീഡിയോയ്ക്ക് ശേഷം ഷെട്ടി തന്‍റെ ജീവനക്കാരോട് എല്ലാ പോസ്റ്റുകളും പരിശോധിച്ച് അത് മറ്റെവിടുന്നെങ്കിലും എടുത്തതാണെങ്കില്‍ അതിന്‍റെ ക്രഡിറ്റ് ഉൾപ്പെടുത്താൻ പറഞ്ഞിരുന്നു. 100 ലധികം പോസ്റ്റുകൾ ഇതിനൊപ്പം ഡിലീറ്റാക്കി. ഷെട്ടിയുടെ ഒരു മുൻ ജീവനക്കാരനെ ഉദ്ധരിച്ച് ഈ സമയത്ത് ഷെട്ടി ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു പിആര്‍ ഏജന്‍സിയെ നിയമിച്ചുവെന്നും പറയുന്നു.