ഒട്ടാവ: കാനഡയിൽ വിവാഹ സല്‍ക്കാര വേദിക്ക് പുറത്തുവെച്ച് ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു. കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്ന പഞ്ചാവ് വംശജനായ അമർപ്രീത്(28) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വിവാഹ സൽക്കാര വേദിയിലേക്ക് ഇരച്ചുകയറിയ അക്രമികൾ സംഗീതം നിർത്താൻ ആവശ്യപ്പെടുകയും വെടിയുതിർക്കുകയും ചെയ്തതായി കനേഡിയൻ പൊലീസ് വ്യക്തമാക്കി.
കാനഡയിലെ വാൻകൂവർ നഗരത്തിലാണ് സംഭവം. വിവാഹ സൽക്കാരത്തിൽ ഗുണ്ടാ നേതാവായ അമർപ്രീത് ഉണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. അമർപ്രീതിന്റെ മൂത്ത സഹോദരൻ രവീന്ദറും വിവാഹത്തിൽ അതിഥിതിയായി എത്തിയിരുന്നു. ഇദ്ദേഹത്തിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് 60 ഓളം അതിഥികൾ വേദിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വെടിവെപ്പ് . പുലർച്ചെ 1:30 ന് ആണ് ഒരാൾക്ക് വെടിയേറ്റതായി പൊലീസിന് വിവരം ലഭിക്കുന്നത്.
Read More:മാസം തോറും സർചാർജ് ഈടാക്കാൻ ഒരുങ്ങി വൈദ്യുതി ബോർഡ്; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
വിവരമറിഞ്ഞെത്തിയ പൊലീസ് വെടിയേറ്റ അമർപ്രീതിന് സിപിആർ നല്‍കിയെങ്കിലും മെഡിക്കൽ സംഘം എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. 2022 ഓഗസ്റ്റിൽ, കനേഡിയൻ പൊലീസ് 11 കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ അമർപ്രീതും സഹോദരൻ രവീന്ദറും ഉൾപ്പെടെ ഒമ്പത് പേർ പഞ്ചാബ് സ്വദേശികളാണ്. പ്രവിശ്യയിൽ നടന്ന നിരവധി കൊലപാതകങ്ങളുമായും വെടിവെപ്പുകളുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പുറത്ത് വിടുന്ന വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു