×

സൊമാലിയ മിലിറ്ററി ക്യാമ്പ് ആക്രമണം; നാല് യു.എ.ഇ സൈനികർ കൊല്ലപ്പെട്ടു

google news
Somalia

അബുദാബി: സൊമാലിയയിലെ മിലിട്ടറി ക്യാംപിലെ ആക്രമണത്തിൽ യുഎഇയുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ബഹ്‌റൈന്‍ പ്രതിരോധ സേന ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 

 
സൈനികരുടെ മൃതദേഹങ്ങള്‍ അബുദാബിയിലെ അല്‍ ബതീന്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെ എത്തിച്ചു. കേണല്‍ മുഹമ്മദ് അല്‍ മന്‍സൂരി, വാറന്‍റ് ഓഫീസര്‍ മുഹമ്മദ് അല്‍ ഷംസി, വാറന്‍റ് ഓഫീസര്‍ ഖലീഫ അല്‍ ബലൂഷി, കോര്‍പ്പറല്‍ സുലൈമാന്‍ അല്‍ ഷെഹി എന്നിവരാണ് ധീരരക്തസാക്ഷികള്‍. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

ശനിയാഴ്ച രാത്രി സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ജനറല്‍ ഗോര്‍ഡന്‍ സൈനിക താവളത്തിലാണ് ആക്രമണം ഉണ്ടായത്.  സൊമാലിയന്‍ സായുധ സേനയിലെ സൈനികര്‍ക്ക്, യുഎഇ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി വന്നിരുന്നു. ഇതിനിടെയാണ് സംഭവമെന്ന് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കാൻ സോമാലിയൻ സർക്കാരുമായി യുഎഇ ഏകോപനവും സഹകരണവും തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

Read more....

Tags