യെമൻ ആഭ്യന്തര യുദ്ധത്തിന് തിരിശീലവീണേക്കുമെന്ന ശുഭസൂചന. സൗദി പിന്തുണയുള്ള യെമൻ സർക്കാരും ഇറാൻ അനുകൂല ഹൂതികളും വെടിനിർത്തലിലേക്ക് യെമനിലെ യുഎൻ പ്രത്യേക ദൂതൻ ഇന്ന് (2023 ഡിസം 24) പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു.
ഹൂതികളുടെ അധീനതയിലാണ് വടക്കൻ യെമൻ. 2015 മുതൽ യെമൻ ആഭ്യന്തര യുദ്ധത്തിലാണ്. ഒരു ഭാഗത്ത് സൗദി സഖ്യവും മറുഭാഗത്ത് ഇറാൻ – സഖ്യഹൂതികളും. സംഘർഷത്തിൽ ആയിരകണക്കിന് ജീവൻ പൊലിഞ്ഞു. ലക്ഷക്കണക്കിനുവരുന്ന യെമനിലെ 80 ശതമാനം ജനങ്ങളും രാജ്യാന്തര സമൂഹത്തിൻ്റെ സഹായത്തെ ആശ്രയിയ്ക്കേണ്ട ദുരവസ്ഥയിലാണ്.
രാജ്യവ്യാപക വെടിനിർത്തലിലൂടെ യെമനിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുനരാരംഭിക്കുന്നതിനുമുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യുഎൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. യുഎൻ ഇടപ്പെടലുകളിലൂടെ വെടിനിറുത്തൽ പ്രക്രിയ സു സാധ്യമാക്കുന്നതിൻ്റെ ദിശയിലുള്ള മാർഗരേഖ തയ്യാറാക്കപ്പെടുമെന്ന് ഗ്രണ്ട്ബെർഗ് പ്രസ്താവനയിൽ പറയുന്നു.
വെടിനിർത്തലിനൊപ്പം എണ്ണ കയറ്റുമതി പുനരാരംഭിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളം നൽകുക. യെമനിലെ തായ്സിലുൾപ്പെടെ റോഡുകൾ തുറക്കുക. സനാ വ്യോമത്താവള – ഹുദൈദ തുറമുഖ നിയന്ത്രണങ്ങളിൽ കൂടുതൽ അയവുവരുത്തുക. ഇപ്പറഞ്ഞതൊക്ക മാർഗരേഖയിലിടം പിടിച്ചേക്കുമെന്നു യുഎൻ ദൂതൽ പ്രസ്താവനയിൽ പറഞ്ഞു. വെടിനിറുത്തൽ ഘട്ടത്തിലെത്താൻ കക്ഷികളെ പ്രേരിപ്പിക്കുന്നതിൽ സൗദി അറേബ്യയും ഒമാൻ സുൽത്താനേറ്റും വഹിച്ച പ്രധാന പങ്കിനെ ഗ്രണ്ട്ബെർഗ് അഭിനന്ദനം അറിയിച്ചു.
അനുരഞ്ജനത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വെടിനിറുത്തൽ രൂപരേഖ വിജയകരമായി പൂർത്തീകരിക്കുന്നതിനുമായ് ഈ നിർണായക സമയത്ത് സർവ്വ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 2014ൽ തലസ്ഥാനമായ സനയിൽ നിന്ന് യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സൗദി പിന്തുണയുള്ള സർക്കാരിനെ ഹൂതികൾ പുറത്താക്കി. ഇതേ തുടർന്നാണ് ഇറാൻ സഖ്യ ഹൂതികളും സൗദി സഖ്യ യെമൻ സംഘവും തമ്മിലുള്ള പോരാട്ടത്തിന് വഴിതുറന്നത്.
ആഭ്യന്തര യുദ്ധത്തിന് അറുതിയിടുവാനുള്ള ഐക്യരാഷ്ട്രസഭാ മേൽനോട്ടത്തിലുള്ള രൂപരേഖക്കുള്ള ശ്രമങ്ങളെ സൗദി സഖ്യ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തതായി യെമൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി സാബ (SABA) റിപ്പോർട്ട് ചെയ്തു. വെടിനിറുത്തൽ രൂപരേഖയെപ്രതി ഹൂതി പ്രസ്ഥാനം ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. യുഎൻ സമാധാന ശ്രമങ്ങൾക്ക് സമാന്തരമായി റിയാദും സനയും തമ്മിലുള്ള ഒമാനി മധ്യസ്ഥ ആദ്യഘട്ട ചർച്ചകൾക്കായ് ഈ വർഷം ഏപ്രിലിൽ സൗദി പ്രതിനിധികൾ സന സന്ദർശിക്കുകയുണ്ടായി. ഇതിൻ്റെ തുടർച്ചയെന്നോണം ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഈ സെപ്തംബറിൽ ഹൂതി മേധാവികൾ റിയാദ് സന്ദർശിച്ചിരുന്നു.
ചൈനീസ് മധ്യസ്ഥതയിൽ ബദ്ധവൈരികളായ സൗദി അറേബ്യയും ഇറാനും ബന്ധം പുനഃസ്ഥാപിക്കാൻ സമ്മതിച്ചതിനെ തുടർന്നാണ് യമൻ സമാധാന ദൗത്യങ്ങൾ ശക്തി പ്രാപിച്ചത്. യെമനിലെ സ്ഥിരം വെടിനിർത്തൽ മധ്യപൗരസ്ത്യ ദേശത്തെ സുസ്ഥിരമാക്കുന്നതിൽ നാഴികക്കല്ലായി മാറും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു