തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമയിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശോഭന മലയാളത്തില്‍ അഭിനയിച്ചിരിക്കുകയാണ്. മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തി എന്നതായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും കന്നഡയിലും എല്ലാം ശോഭന അഭിനയിച്ചിരുന്നു. ഒരു വര്‍ഷം 22 സിനിമകള്‍ വരെ ചെയ്തിരുന്നുവെന്നും അന്ന് പെട്ടന്ന് സിനിമകളുടെ ചിത്രീകരണം അവസാനിക്കുമായിരുന്നു എന്നും ശോഭന പറഞ്ഞു. രേഖാ മേനോന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരിയറിലെ ആദ്യ നാളുകളെ കുറിച്ച് ശോഭന സംസാരിച്ചത്.
ശോഭനയുടെ വാക്കുകള്‍
‘ഒരു വര്‍ഷം 22 സിനിമകളിലൊക്കെ ഞാന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സാങ്കേതികത കൂടിയത് കൊണ്ട് ഒരുപാട് സമയമെടുക്കും. മുന്‍പ് അതൊന്നും ഉണ്ടായിരുന്നില്ല. അന്ന് പ്രധാനമായും നോക്കിയിരുന്നത് ഇമോഷന്‍സും സ്‌ക്രിപ്റ്റും ആയിരുന്നു. പണ്ട് സിനിമയില്‍ ഒന്ന് രണ്ട് ഹീറോസ് ഉണ്ടാകുമായിരുന്നു. അതില്‍ ഒരാള്‍ സംവിധായകനാണ്, മറ്റൊന്ന് സ്‌ക്രിപ്റ്റര്‍ ആണ്. അതിന് ശേഷമാണ് അഭിനേതാക്കളും മറ്റുള്ളവരും വരുന്നത്. അത് സത്യത്തില്‍ മലയാളം സിനിമയുടെ ഗോള്‍ഡന്‍ പീരിയഡ് ആയിരുന്നു. അന്ന് ആ പിരീഡില്‍ നില്‍ക്കാന്‍ പറ്റിയത് എന്റെ ഭാഗ്യമാണ്. അന്ന് പെട്ടെന്ന് ഷൂട്ടിംഗ് കഴിയും. 22 ദിവസം കൊണ്ട് ഒരു സിനിമയുടെ ഷൂട്ടിംഗ് മുഴുവന്‍ കഴിയും. എന്നിട്ട് ഒരു ദിവസം വീട്ടില്‍ പോയി അമ്മയെയും അച്ഛനെയും കാണും. ഒരു ലൊക്കേഷനില്‍ മമ്മൂക്ക ആയിരിക്കും ചിലപ്പോള്‍. അത് കഴിഞ്ഞുള്ള ലൊക്കേഷനിലും അദ്ദേഹം തന്നെയാവും. പിന്നെയുള്ള ലൊക്കേഷനില്‍ ലാല്‍. അങ്ങനെ മാറി മാറി ഓരോരുത്തരുടെ കൂടെ അഭിനയിക്കും. അതുകൊണ്ട് തന്നെ അന്നൊക്കെ കുടുംബം പോലെ ആയിരുന്നു. ഇതുവരെ തന്റെ ഒരു ചിത്രവും കാണാത്തവര്‍ക്ക്, കാണാന്‍ മൂന്ന് സിനിമകളും ശോഭന സജസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞാന്‍ ബാലതാരമായി എത്തിയ മംഗള നായഗി എന്ന സിനിമയാകും ഒന്ന്. പിന്നെ പുതിയ ചിത്രമായ തുടരും. തെലുങ്കില്‍ നിന്ന് ഹലോ ഡാര്‍ലിങ് എന്ന സിനിമയും ഞാന്‍ റെക്കമെന്റ് ചെയ്യും’.
മികച്ച പ്രതികരണത്തോടെ തീയറ്ററില്‍ മുന്നേറിയ ചിത്രമാണ് തുടരും. ഗംഭീര ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിന് നേടാനായത്.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 235 കോടിയോളം നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസ് നേടിയ ആദ്യ ചിത്രമായി മാറിയ തുടരും കേരളത്തില്‍ നിന്ന് 50 കോടിയിലേറെ ഷെയറും നേടിയിരുന്നു. പുലിമുരുകന് ശേഷം ഇത്രയും ജനപ്രീതി നേടുന്ന ഒരു മോഹന്‍ലാല്‍ ചിത്രം ഇപ്പോഴാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ തിയറ്ററുകളില്‍ എത്തിയിരുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.