തെലുങ്ക് നടൻ അഖിൽ അക്കിനേനിയും സൈനബ് റാവ്ജിയും വിവാഹിതയായി. ഹൈദരാബാദിലെ സ്വവസതിയിൽ വെച്ച് പരമ്പരാഗത തെലുങ്ക് ശൈലിയിലുള്ള വിവാഹ ചടങ്ങുകൾ ആയിരുന്നു നടന്നത്. നാഗാർജുന, അമല അക്കിനേനി എന്നിവരുൾപ്പെടെയുള്ള പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ഹൈദരാബാദിൽ നടന്ന വിവാഹ ചടങ്ങിൽ അഖിലിന്റെ സഹോദരൻ നാഗ ചൈതന്യയും പങ്കെടുത്തു.
പുലർച്ചെ മൂന്ന് മണിയോടെയാണ് വിവാഹം നടന്നത്. ചടങ്ങിൽ ഏതാനും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. വിവാഹത്തിന് ദമ്പതികൾ വെളുത്ത വസ്ത്രങ്ങളിലാണ് എത്തിയത്. അഖിൽ അക്കിനേനി വെളുത്ത കുർത്തയും ദോത്തിയും അംഗവസ്ത്രവും ധരിച്ചിരുന്നു. വെള്ളയും സ്വർണ്ണ നിറത്തിലുള്ള സിൽക്ക് സാരിയും ഡയമണ്ട് ആഭരണങ്ങളും ധരിച്ചാണ് സൈനബ് എത്തിയത്. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ചുനടന്ന വിവാഹത്തിൽ നടൻ രാം ചരണും പങ്കെടുത്തിരുന്നു.
അതേസമയം അധികം മാധ്യമ ശ്രദ്ധ വരാതിരിക്കാൻ താര കുടുംബം ശ്രദ്ധിച്ചിരുന്നു. സ്വകാര്യതക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് അഖിലും സെനബും. പ്രണയത്തിലാണെന്ന കാര്യം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെങ്കിലും കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 26 നായിരുന്നു അഖിലിന്റെയും സെനബിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.