നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കിയ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ് സാന്ദ്ര തോമസ്. ഭീഷണി സന്ദേശത്തിന്റെ വോയിസ് ക്ലിപ്പ് പുറത്തുവന്നത് കൊണ്ട് മാത്രമാണ് നടപടി എടുത്തതെന്നും സാന്ദ്ര കൂട്ടിചേര്‍ത്തു.
സാന്ദ്രയുടെ വാക്കുകള്‍…..
”റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി വെറും കണ്ണില്‍ പൊടിയിടല്‍. ഭീഷണി സന്ദേശത്തിന്റെ വോയിസ് ക്ലിപ്പ് പുറത്തുവന്നത് കൊണ്ട് മാത്രമാണ് നടപടി. അന്ന് ഒരു മുന്നറിയിപ്പ് പോലും കൊടുക്കാത്തവര്‍ ഇപ്പോള്‍ നടപടിയെടുത്തത് എന്തിനാണ്. റെനിയുടെ ഭീഷണി മദ്യലഹരിയിലാണെന്ന വാദം അദ്ദേഹത്തെ സംരക്ഷിക്കാനുളള ശ്രമം. മദ്യപിച്ചയാള്‍ക്ക് ആരെയും എന്തും പറയാമെന്നത് ശരിയല്ല. തന്നെയും പിതാവിനെയും വളരെ മോശമായ ഭാഷയിലാണ് അദ്ദേഹം അധിക്ഷേപിച്ചത്. നടിയെ ആക്രമിച്ച കേസ് മുതല്‍ എല്ലാ കേസിലും അറസ്റ്റിലാവുന്നവര്‍ ഫെഫ്ക അംഗങ്ങളാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തിറങ്ങിയിട്ട് ഈ ആഗസ്റ്റ് ആകുമ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകും. എന്നിട്ട് ഇവിടെ എന്ത് സംഭവിച്ചു. മാധ്യമങ്ങള്‍ വഴി പൊതു സമൂഹം അറിഞ്ഞു എ്‌നനല്ലാതെ എന്ത് സംഭവിച്ചു. എല്ലാ മാര്‍ച്ച് 8നും കൂറെ ആളുകള്‍ വന്നിട്ട് സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് പറയും. സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് കിട്ടുന്നത്. ഒരുതരത്തിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരു ഇടമല്ല ഇപ്പോഴും മലയാള സിനിമ. ഇതിനൊരു മാറ്റം വരണമെങ്കില്‍ സര്‍ക്കാര്‍ തന്നെ വിചാരിക്കണം.കുറച്ച് പേര്‍ വാഴുകയും കുറച്ച് പേരെ വീഴ്ത്തുകയും ചെയ്യുന്ന കുത്തകകളായി മലയാള സിനിമ നില്‍ക്കുകയാണ്”.
സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഓണ്‍ലൈന്‍ ചാനലിലൂടെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് റെനി ജോസഫ് ആദ്യം സാന്ദ്രയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പിന്നാലെ കമ്മീഷണര്‍ക്ക് സാന്ദ്ര പരാതി നല്‍കി. അതിന് ശേഷമാണ് 400 അംഗങ്ങളുള്ള ഫെഫ്കയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ റെനി ജോസഫ് സന്ദേശമിട്ടത്. സാന്ദ്രയുടെ അച്ഛനെതിരേയും അസഭ്യ പ്രയോഗമുണ്ട്.
സംഭവത്തില്‍ പലാരിവട്ടം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ സ്വാധീനമാകാം അതിന് കാരണമെന്നും സാന്ദ്ര പറയുന്നു. ഡിജിപ്പിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും കോടതിയിലാണ് പ്രതീക്ഷയെന്നും സാന്ദ്ര അറിയിച്ചു.