ഛോട്ടാ മുംബൈ റീറിലീസ് ആഘോഷങ്ങള്‍ ആരാധകര്‍ പൊടിപൊടിക്കുകയാണ്. സിനിമ ജൂണ്‍ ആറിനാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ ഫാന്‍ ഷോകളും ഹൗസ് ഫുള്‍ ഷോകളുമായാണ് ചിത്രം തുടങ്ങിയിരിക്കുന്നത്.
റീറിലീസില്‍ മികച്ച പ്രതികരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആ കണക്കുകൂട്ടലുകളെ മറികടക്കുന്ന പ്രകടനമാണ് ചിത്രം നടത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ സീറ്റിങ് കപ്പാസിറ്റി ഉള്ള തിയേറ്ററായ കവിതയില്‍ രാത്രി പന്ത്രണ്ട് മണിയ്ക്ക് വെച്ച എക്സ്ട്രാ ഷോ നിമിഷനേരം കൊണ്ടാണ് ഹൗസ്ഫുള് ആയത്.
സംസ്ഥാനത്തെ പല തിയേറ്ററുകളും ഛോട്ടാ മുംബൈ കൂടുതലായി ചാര്‍ട്ട് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. പുതുതായി വരുന്ന ഓരോ സ്ക്രീനും ഷോകളും അതിവേഗമാണ് ഹൗസ്ഫുള് ആകുന്നത്. റിലീസ് ആഴ്ചയില്‍ ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് ട്രാക്കേഴ്സ് കണക്കുക്കൂട്ടുന്നത്.
ഛോട്ടാ മുംബൈയ്ക്ക് മുന്‍പ് റീറിലീസായി തിയേറ്ററുകളിലെത്തിയ സ്ഫടികം, ദേവദൂതന്, മണിച്ചിത്രത്താഴ് എന്നീ സിനിമകളും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഛോട്ടാ മുംബൈ തകര്‍ക്കുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന് നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. നടേശന് എന്ന ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാരനുമായി ഏറ്റുമുട്ടേണ്ടിവരുന്ന തലയുടേയും ഗ്യാങ്ങിന്റെയും കഥ പറയുന്ന ഛോട്ടാ മുംബൈ ഹിറ്റ് ചിത്രമായിരുന്നു.
മോഹന്‍ലാലിനൊപ്പം, ഭാവന, കലാഭവന്‍ മണി, വിനായകന്, ജഗതി, രാജന് പി ദേവ്, സിദ്ധിഖ്, ബിജുക്കുട്ടന്, മണിക്കുട്ടന്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.