ആനന്ദ് മേനോന് സംവിധാനം ചെയ്ത് 2024 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാഴ. ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് നേടിയത്. ഇപ്പോഴിതാ ചിത്രത്തില്‍ സിജുവിന്റെ അച്ഛനായി പ്രേക്ഷകര്‍ തന്നെ അംഗീകരിക്കുമായിരുന്നോ എന്ന പേടി ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അസീസ് നെടുമങ്ങാട്. ഫിലിമി ഹുഡ്സ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അസീസിന്റെ വാക്കുകള്‍
”വാഴ സിനിമയില്‍ അഭിനയിച്ചപ്പോള്‍ സിജുവിന്റെ അച്ഛനായി പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്ന് പേടി ഉണ്ടായിരുന്നു. ഞാന്‍ ശരിക്കും ആ വേഷം ചെയ്യുന്നില്ല എന്ന് പറഞ്ഞ് മാറിയതായിരുന്നു. പ്രേക്ഷകര്‍ എന്നെ അംഗീകരിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ എന്റെ ആ പേടി ജനങ്ങള്‍ തന്നെ മാറ്റിമറിച്ചു. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയില്‍ അനശ്വരയുടെ അച്ഛനായിട്ടാണ് അഭിനയിക്കുന്നത്. തമാശക്ക് ബൈജു ചേട്ടന് എന്നോട് പറഞ്ഞു അനശ്വരയുടെ അച്ഛനായി അഭിനയിക്കുന്നത് കൊളളാം പക്ഷേ ആ ലുക്ക് ഒന്നുമില്ല. ഷൂട്ടിന്റെ പുറത്ത് ചെറിയ ഒരു സംസാരം ഉണ്ടായി. എന്റെ മകളുമല്ല അശ്വതിയുടെ മകളുമല്ല പക്ഷേ ബൈജു ചേട്ടന് എപ്പോഴും വീട്ടില്‍ കാണും. ഇത് പറഞ്ഞതിന് ശേഷം താരം പൊട്ടി ചിരിക്കുകയായിരുന്നു”.
വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന പ്രേമോഷന് ഇന്റര്വ്യൂക്കിടെയായിരുന്നു അസീസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അസീസിനൊപ്പം ബൈജുവും സിനിമയിലെ മറ്റ് പ്രവര്‍ത്തകരും കൂടെ ഉണ്ടായിരുന്നു.
ആനന്ദ് മേനോന് സംവിധാനം ചെയ്ത വാഴ എന്ന ചിത്രത്തിന് വിപിന്‍ ദാസ് ആണ് തിരക്കഥ രചിച്ചത്. സിജു സണ്ണി, അമിത് മോഹന്‍ രാജേശ്വരി, ജോമോന് ജ്യോതിര്‍, അനുരാജ് ഒ ബി, അന്‍ഷിദ് അനു, സാഫ് ബ്രോസ്, ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
അനശ്വര രാജന് നായികയായെത്തുന്ന വ്യസന സമേതം ബന്ധുമിത്രാദികള്‍ ജൂണ്‍ 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസന സമേതം ബന്ധുമിത്രാദികള്‍. ‘വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, ഷൈന്‍ സ്ക്രീന്‍സ് സിനിമയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.