ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള തന്റെ മുൻകാല ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും മോഡലുമായ മുസമ്മില്‍ ഇബ്രാഹീം.
ദീപിക പദുക്കോണുമായി രണ്ട് വര്‍ഷം പ്രണയത്തിലായിരുന്നെന്നും വിവാഹത്തിനു തൊട്ടുമുൻപും സംസാരിസിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
‘ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ദീപിക വളരെ നല്ല പെൺകുട്ടിയാണ്. ഞങ്ങളുടെ മോഡലിങ് കാലത്താണ് ഡേറ്റിങ്ങിലാകുന്നത്. ടോമി ഹിൽഫിജറിന്റെ ഒരു പരിപാടി ഞങ്ങളൊരുമിച്ചു ചെയ്തു. അവൾ എന്നെ നന്നായി സ്നേഹിച്ചിരുന്നു.’– മുസമ്മിൽ പറഞ്ഞു.
രണ്ടുവർഷത്തോളം ഡേറ്റിങ്ങിലായിരുന്നെന്നും മുസമ്മിൽ വെളിപ്പെടുത്തി. ‘മുംബൈയിൽ ദീപിക പരിചയപ്പെടുന്ന ആദ്യത്തെ ആൺകുട്ടി ഞാനായിരുന്നു. തിരിച്ചും അങ്ങനെയായിരുന്നു. എന്റെ ആദ്യത്തെ ബന്ധവും അവളായിരുന്നു. ദീപികയാണ് എന്നോട് ആദ്യമായി പ്രണയാഭ്യർഥന നടത്തുന്നത്. പിന്നീട് ഞങ്ങൾ വേർപിരിഞ്ഞു. ഞാനാണ് അവളെ ഉപേക്ഷിച്ചു പോയത്. പക്ഷേ, അതിൽ എനിക്കു പശ്ചാത്താപമില്ല. ആരെയും ഉപേക്ഷിച്ചതിൽ എനിക്കു പശ്ചാത്താപമില്ല. അന്ന് ഞാൻ താരമായിരുന്നു. അവൾ ആയിരുന്നില്ല. മോഡലായിരുന്നു. അക്കാലത്തു തന്നെ ഞാൻ അഭിനേതാവായിരുന്നു.’– മുസമ്മിൽ കൂട്ടിച്ചേർത്തു.
ഇന്ന് ദീപിക സുപ്പർസ്റ്റാറാണെന്ന് എല്ലാവർക്കും അറിയാമെന്നും മുസമ്മിൽ പറഞ്ഞു. ‘ഇന്ന് എന്നെ ആർക്കും അറിയില്ല. ഞാൻ ഇപ്പോൾ ദീപികയുടെ വളരെ വലിയ ആരാധകനാണ്. അവളുടെ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. മാത്രമല്ല, നല്ല ജീവിതം ലഭിച്ചതിൽ സന്തോഷിക്കുന്നു. അവളോടൊപ്പം ഞാൻ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ദീപികയുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിച്ചത്.’
ദീപികയുടെ വിവാഹത്തിനു കുറച്ചു ദിവസങ്ങള്‍ക്കു മുൻപും സംസാരിച്ചിരുന്നതായും മുസമ്മിൽ വെളിപ്പെടുത്തി. ‘പ്രണയ ബന്ധം വേർപ്പിരിഞ്ഞ ശേഷം വളരെ പെട്ടെന്ന് സൗഹൃദത്തിലെത്തിലാകാൻ ഞങ്ങളിരുവർക്കും കഴിഞ്ഞിരുന്നില്ല. പതുക്കെ ഞങ്ങൾ വീണ്ടും സംസാരിക്കാൻ തുടങ്ങി. നേട്ടങ്ങളിൽ പരസ്പരം അഭിനന്ദിച്ചു കൊണ്ട് ആ സൗഹൃദം മുന്നോട്ടു പോയി.’
മുംബൈയിലെ മഴക്കാലം മുസമ്മിലിന് ദീപികയുമൊത്തുള്ള പ്രണയത്തിന്റ ഓർമയാണ്. ‘നന്നായി മഴ പെയ്യുമ്പോൾ ഓട്ടോറിക്ഷയിൽ ഞങ്ങൾ മുംബൈ നഗരത്തിലൂടെ സഞ്ചരിക്കും. ഒരിക്കല്‍ അവളുടെ പ്രിയപ്പെട്ട പാട്ട് വയ്ക്കാമോ എന്ന് ഓട്ടോ ഡ്രൈവറോട് ഞാൻ ചോദിച്ചു. ഒന്നര മണിക്കൂർ അദ്ദേഹം ആ പാട്ട് മാത്രം വച്ചു. അവൾ വളരെ സന്തോഷവതിയായി. ’– മുസമ്മിൽ പറഞ്ഞു.