ജൂനിയർ റിസർച് ഫെലോഷിപ്പോടെ സയൻസ്/ ടെക്നോളജി ഗവേഷണത്തിനും സർവകലാശാലാ / കോളജ് അധ്യാപക നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ സിഎസ്ഐആർ-യുജിസി നെറ്റിന് 23നു രാത്രി 11.59 വരെ അപേക്ഷിക്കാം. 24നു രാത്രി 11.59 വരെ പരീക്ഷാഫീ 1150 രൂപ ഓൺലൈനായി അടയ്ക്കാം.
പിന്നാക്ക, സാമ്പത്തികപിന്നാക്ക വിഭാഗക്കാർ 600 രൂപയും പട്ടികവിഭാഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ അപേക്ഷകർ 325 രൂപയും അടച്ചാൽ മതി. അപേക്ഷയിൽ തിരുത്തലിന് 25നും 26നും അവസരമുണ്ട്. വെബ്: https://csirnet.nta.ac.in. കെമിക്കൽ / എർത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി / ലൈഫ് / മാത്തമാറ്റിക്കൽ / ഫിസിക്കൽ എന്നിങ്ങനെ 5 സയൻസ് ശാഖകളിലായി ജൂലൈ 26, 27, 28 തീയതികളിലാണു പരീക്ഷ.
3 മണിക്കൂർ മൾട്ടിപിൾ–ചോയ്സ് ഒബ്ജക്ടീവ് പരീക്ഷയാണ്. തെറ്റിനു മാർക്ക് കുറയ്ക്കും. സയൻസ്/ടെക്നോളജി പിഎച്ച്ഡി പ്രവേശനത്തിനും ഈ സ്കോർ പരിഗണിക്കും. എംഎസ്സി, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ്, ബിടെക്, ബിഫാം, എംബിബിഎസ്, അഥവാ തുല്യപരീക്ഷ 55% മാർക്കോടെ ജയിച്ചവർക്കും ഈ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പിന്നാക്ക, സാമ്പത്തിക പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 5% മാർക്കിളവു കിട്ടും. പരീക്ഷയുടെ സിലബസ്, സ്കീം, മാതൃകാ ചോദ്യോത്തരങ്ങൾ, മുതലായവ www.csirhrdg.res.in എന്ന വെബ്സൈറ്റിലെ ‘നോളജ് സെന്റർ’ ലിങ്കിലുണ്ട്. കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.