അഭിനയരംഗത്ത് മാത്രമല്ല സംവിധാന രംഗത്തും ചുവടുവെയ്ക്കാൻ ഒരുങ്ങി തമിഴ് നടൻ രവി മോഹൻ. യോഗി ബാബുവിനെ നായകനാക്കിയുള്ള കോമഡി സിനിമയാണ് രവി മോഹൻ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും നടൻ രവി മോഹനെക്കുറിച്ചും മനസുതുറക്കുകയാണ് നടൻ യോഗി ബാബു.
രവി മോഹൻ വലിയ ഹീറോ ആയിരുന്നിട്ടും തന്നെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ തയ്യാറായി എന്നും സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും യോഗി ബാബു പറഞ്ഞു.’തില്ലലങ്കടി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഞാൻ രവിമോഹൻ സാറിനെ കണ്ടത്, അന്ന് കണ്ടത് പോലെ തന്നെയാണ് അദ്ദേഹം ഇപ്പോഴും. വലിയ വിനയമാണ്. ഇപ്പോഴിതാ ഞാൻ അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പോകുന്നു. ജൂലൈ/ഓഗസ്റ്റിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. രവിമോഹൻ സാർ ഒരു വലിയ താരമാണ്, അദ്ദേഹം എന്നെവെച്ച് ഒരു കോമഡി സിനിമ സംവിധാനം ചെയ്യാൻ മുന്നോട്ട് വന്നു,’ യോഗി ബാബു പറഞ്ഞു.
അടുത്തിടെയാണ് നടൻ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചത്. പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോയും പേരും നടൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. രവി മോഹൻ സ്റ്റുഡിയോ എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഉടനെ തന്നെ കമ്പനിയുടെ ബാനറിൽ ഒരു സിനിമ വരുമെന്ന സൂചനയും നടൻ നൽകിയിട്ടുണ്ട്. യോഗി ബാബു നായകനാകുന്ന ആദ്യ സംവിധാന ചിത്രമാകും ഇതെന്നും സൂചനയുണ്ട്.
രവി മോഹൻ സിനിമകളായ കരാട്ടെ ബാബു, പരാശക്തി എന്നീ സിനിമകൾ പൂർത്തിയാക്കിയ ശേഷമാകും നടൻ സംവിധാനത്തിലേക്ക് കടക്കുക. ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് കരാട്ടെ ബാബു. ശക്തി വാസുദേവൻ നായികയായി എത്തുന്ന ചിത്രത്തില്‍ കെ എസ് രവി കുമാര്‍, വിടിവി ഗണേഷ്സ സുബ്രഹ്മണ്യം ശിവ, കവിതാലയാ കൃഷ്ണൻ, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യൻ, സന്ദീപ് രാജ്, സിന്ധുപ്രിയ, അജിത്ത് ഘോഷ്, അരവിന്ദ്, കല്‍ക്കി രാജ, ശ്രീ ധന്യ, ആനന്ദി, സാം ആൻഡേഴ്സണ് എന്നിവരും ഉണ്ട്.
സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ പിരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രവി മോഹനാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ടീസറിലെ രവി മോഹന്റെ ലുക്ക് ചർച്ചയാകുന്നുണ്ട്.