Entertainment

തഗ് ലൈഫിൽ കൂടുതല്‍ പ്രതിഫലം വാങ്ങിയത് സിമ്പു; കണക്കുകള്‍ ഇങ്ങനെ…

കമൽഹാസൻ-മണിരത്‌നം കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘തഗ് ലൈഫ്’ തിയേറ്ററുകളിൽ അത്ര നല്ല സ്വീകാര്യതയല്ല നേടുന്നത്. 180 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിന് ആദ്യദിനം 17 കോടി രൂപ മാത്രമാണ് നേടാനായത്. മൂന്ന് ദിവസം കൊണ്ട് 30.15 കോടി രൂപയും. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫല കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നടന്‍ സിമ്പു ആണ്. 40 കോടി രൂപയാണ് സിമ്പുവിന്‍റെ പ്രതിഫലം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലം. ഗുഡ് ബാഡ് അഗ്ലി എന്ന മുന്‍ ചിത്രത്തിലെ അഭിനയത്തിന് തൃഷക്ക് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണിത്. നാല് കോടി രൂപ ആയിരുന്നു ഗുഡ് ബാഡ് അഗ്ലിക്കായി തൃഷ വാങ്ങിയത്.

ജോജു ജോര്‍ജിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. 50 ലക്ഷമാണ് അഭിരാമിക്ക് ലഭിച്ച പ്രതിഫലം. അതേസമയം, കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

സിനിമയുടെ പ്രമോഷനിടെ കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബറും നിലപാടെടുത്തിരുന്നു. തുടർന്ന് സിനിമ കർണാടകയിൽ പ്രദർശിപ്പിച്ചിട്ടില്ല.