ബോളിവുഡില്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. ഓരോ സിനിമകള്‍ക്കായും നടന്‍ പല തരത്തിലുള്ള ട്രാന്‍സ്ഫോര്‍മേഷന്‍ നടത്താറുണ്ട്. അവയെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. ഇപ്പോഴിതാ ആമിര്‍ ഖാന്റെ പുതിയ ചിത്രം ‘സിത്താരെ സമീന്‍ പര്‍’ റിലീസിന് ഒരുങ്ങുകയാണ്. സിത്താരെ സമീന്‍ പര്‍ ആമിര്‍ ഖാന്റെ ‘കംബാക്ക് സിനിമ’യായിരിക്കും എന്നാണ് ആരാധകരും മാധ്യമങ്ങളും പറയുന്നത്. എന്നാല്‍ അത്തരം വിശേഷണങ്ങള്‍ വേണ്ടെന്നും താന്‍ എവിടെയും പോയിട്ടില്ല എന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു.
ആമിര്‍ ഖാന്റെ വാക്കുകള്‍…
‘ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷമുളള സിനിമ എന്നതിനാല്‍ ഞാന്‍ ഇതിനെ ഒരു കംബാക്ക് ചിത്രമായി കാണുന്നില്ല. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് എന്റെ ഒരു സിനിമ റിലീസിനെത്തുന്നത്. ഇവിടെ പല നടന്മാര്‍ക്കും എട്ടും പത്തും ഫ്‌ലോപ്പുകള്‍ ഉണ്ടാകാറുണ്ട്. നമ്മള്‍ അപ്പോഴൊന്നും കംബാക്ക് എന്ന് വിളിക്കില്ല. എനിക്ക് ഒരു പരാജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞാന്‍ എവിടെയും പോയിട്ടില്ല,’ .
അതേസമയം സിത്താരെ സമീന്‍ പര്‍ ജൂണ്‍ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശര്‍മ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ്. ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശങ്കര്‍ – എഹ്‌സാന്‍ – ലോയ് ആണ് സംഗീതം.