Celebrities

ശിവകാർത്തികേയന്റെ കരിയറിലെ മികച്ചതാകാൻ പോകുന്ന ചിത്രത്തിലേക്ക് നായികയായി ആ മലയാളി താരവും എത്തുന്നു | Sivakarthikeyan movie

ആദ്യമായല്ല കല്യാണിയും ശിവകാർത്തികേയനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്

ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്ന ചിത്രത്തിൽ മ‌ലയാളി താരം കല്യാണി പ്രീയദർ‌ശൻ നായികയായി എത്തുന്നതായി റിപ്പോർട്ട്. ഒരു ടൈം ട്രാവൽ ചിത്രമാണ് സിനിമയെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ കല്യാണി കൂടി എത്തുന്നതോടെ ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.

ആദ്യമായല്ല കല്യാണിയും ശിവകാർത്തികേയനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ പി എസ് മിത്രൻ സംവിധാനം ചെയ്ത സിനിമ തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല.

അതേസമയം വെങ്കട് പ്രഭു ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. ഈ വർഷം നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സൂചനകളുണ്ട്. അതേസമയം പരാശക്തി, മദ്രാസി എന്നീ സിനിമകൾ ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. സുധ കൊങ്കര ഒരുക്കുന്ന രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.

content highlight: Sivakarthikeyan movie