ബോളിവുഡ് താരം അജയ് ദേവ്ഗൺ സിനിമകൾക്ക് വാങ്ങുന്ന പ്രതിഫലം കോടികൾ ആയിരിക്കുമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഒരു മിനിറ്റിന് 4.35 കോടി വാങ്ങിയ ചരിത്രം കൂടി താരത്തിനുണ്ട്. ‘ആർആർആർ’ എന്ന സിനിമയിലെ അതിഥി വേഷത്തിനാണ് ഇത്രയും പ്രതിഫലം വാങ്ങിയത്. എട്ട് മിനിറ്റ് ദൈർഘ്യം മാത്രമുള്ള കഥാപാത്രത്തിനായി നടൻ 35 കോടി ആണ് കൈപ്പറ്റിയത്.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തെന്നിന്ത്യൻ താരങ്ങളായ രജനികാന്തും വിജയ്യും പ്രഭാസുമെല്ലാം സിനിമകൾക്കായി റെക്കോർഡ് പ്രതിഫലം വാങ്ങുന്നവരാണ്. എന്നാൽ അവരുടെ കഥാപാത്രത്തിന്റെ ദൈർഘ്യം വെച്ച് നോക്കിയാൽ ആർആർആറിനായി അജയ് ദേവ്ഗൺ വാങ്ങിയ പ്രതിഫലത്തിന്റെ അത്രത്തോളം വരില്ല എന്നാണ് ചിലർ വാദിക്കുന്നത്. ഒരു മിനിറ്റിന് 4.35 കോടി രൂപയാണ് അജയ് ദേവ്ഗൺ ആർആർആറിനായി വാങ്ങിയത്. എന്നാൽ ഇത്തരത്തിൽ ഒരു താരതമ്യത്തിന് ആവശ്യമില്ലെന്ന മറുവാദവുമുണ്ട്. കാമിയോയും നായകവേഷവും ഒരേ തട്ടിലല്ല കാണേണ്ടതും മിനിറ്റ് കണക്കുകള് പ്രതിഫലവുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഇവര് പറയുന്നു.
അതേസമയം ദൃശ്യം 2, റെയ്ഡ് 2 , സിങ്കം എഗെയ്ൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസിൽ അജയ് ദേവ്ഗൺ തന്റെ ജൈത്രയാത്ര തുടരുകയാണ്. തന്റെ സിനിമകളുടെ വലിപ്പത്തിന് അനുസരിച്ച് പ്രതിഫലത്തിൽ ഏറ്റക്കുറച്ചിലുകൾ കൊണ്ടുവരുന്ന നടനാണ് അദ്ദേഹം. റെയ്ഡ് 2, ഔറോൺ മേം കഹാൻ ദം താ തുടങ്ങിയ ചെറിയ ചിത്രങ്ങൾക്ക് 20 കോടി രൂപയും സിങ്കം എഗെയ്ൻ പോലുള്ള വലിയ സിനിമകൾക്ക് 40 കോടിയോ അതിൽ കൂടുതലോ അദ്ദേഹം പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുണ്ട്.