Entertainment

ഇനി വൈകില്ല; ബസൂക്ക ഒടിടി ഡീൽ ഉറപ്പിച്ചു

ആരാധകർ ഏറെനാളായി ഒടിടിയിൽ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. ഇനി ചിത്രത്തിന്റെ വരവ് നീണ്ടു പോകില്ല കാരണം ചിത്രത്തിന്റെ ഒടിടി ഡീൽ ഉറപ്പിച്ചിരിക്കുകയാണ്. സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണ്.

തിയേറ്ററിൽ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്ന അതേ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഒരു സിനിമയുടെ ഒടിടി റിലീസിനായും കാത്തിരിക്കുന്നത്. തിയേറ്ററിൽ വിജയിക്കാതെ പോയ പല സിനിമകളും ഒടിടിയിൽ വലിയ വിജയമായിട്ടുണ്ട്. എന്നാൽ പലപ്പോഴും തിയേറ്റർ റിലീസിന് ശേഷം മാസങ്ങൾക്ക് കഴിഞ്ഞിട്ടും ചില സിനിമകൾ ഒടിടിയിൽ റിലീസാകാതെ പോകാറുണ്ട്. അങ്ങനെ നീണ്ടു പോയ ഒരു റീലീസ് ആയിരുന്നു മമ്മൂട്ടി ചിത്രം ബസൂക്കയുടേത്.

നിര്‍മ്മാതാവ് ബാദുഷ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അധികം വൈകാതെ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രവും ഒടിടിയിൽ എത്തുമെന്ന സൂചനയും നൽകിയിട്ടുണ്ട്. ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന്റെ റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും സിനിമയുടെ സ്ട്രീമിങ് ഡേറ്റിനെപ്പറ്റി പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല.

മമ്മൂട്ടിയുടേതായി രണ്ടു സിനിമകളാണ് ഈ വർഷം പുറത്തിറങ്ങിയത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്കയും ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സും. ഇരുചിത്രങ്ങൾക്കും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. തിയേറ്ററിൽ വലിയ വിജയമാകാൻ ഈ സിനിമകൾക്ക് സാധിച്ചിരുന്നില്ല. 13.50 കോടിയാണ് ബസൂക്കയുടെ ഫൈനൽ കേരള കളക്ഷൻ. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും വിമർശനങ്ങൾ ലഭിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 27.29 കോടി നേടി.