നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലുണ്ടായ സാമ്പത്തിക തട്ടിപ്പുകേസാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഇപ്പോഴിതാ പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെയും കുടുംബത്തെയും ചേർത്തുപിടിച്ച കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മക്കളായ ദിയ കൃഷ്ണയും അഹാന കൃഷ്ണയും.
കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു. എന്നാൽ ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു എന്ന് അഹാന കുറിച്ചു. തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റെല്ലാവർക്കും കഠിനമായിരുന്ന ദിവസങ്ങൾ കേരളത്തിലെ ജനങ്ങളുടെ നിരുപാധിക പിന്തുണകൊണ്ടാണ് മറികടക്കാൻ കഴിഞ്ഞതെന്ന് ദിയ കൃഷ്ണയും കുറിച്ചു. തങ്ങൾ കേസുമായി മുന്നോട്ട് പോവുകയാണെന്നും എല്ലാവരുടെയും പിന്തുണ ഒപ്പമുണ്ടാകണമെന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. സത്യം ജയിക്കട്ടെ എന്ന ഹാഷ്ടാഗിനൊപ്പമാണ് ദിയ കുറിപ്പ് പങ്കുവച്ചത്.
‘‘കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്കിടയിലും ഒരു നിമിഷം എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 3, 4 ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു. പക്ഷേ നിങ്ങൾ ഓരോരുത്തരും എന്നിലും എന്റെ കുടുംബത്തിലും അർപ്പിച്ച വിശ്വാസവും ഉപാധികളില്ലാത്ത സ്നേഹവും കാരണം ഞങ്ങൾ ആ ഇരുട്ട് അറിഞ്ഞതേയില്ല. നിങ്ങളുടെ സ്നേഹത്തിന്റെ വെളിച്ചം വളരെ തിളക്കമുള്ളതായിരുന്നു, അത് ഞങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹവും സംരക്ഷണവും തന്നു ! മനുഷ്യത്വത്തിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിലെ എല്ലാർക്കും നന്ദി.
കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നിയമപരമായി മുന്നോട്ട് പോവുകയാണ്. നിങ്ങളിൽ പലരും ആഗ്രഹിക്കുന്നതുപോലെ ഈ കേസിന്റെ സ്വാഭാവിക നടപടികളും പരിണിതഫലവും ഞങ്ങളും കാത്തിരിക്കുകയാണ്. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഒരിക്കൽ കൂടി നിങ്ങൾ ഓരോരുത്തർക്കും നന്ദി.’’അഹാന കുറിച്ചു.