Entertainment

അക്ഷയ്കുമാര്‍ ചിത്രം കേസരി 2 ഒടിടിയില്‍ എത്തുന്നു

അക്ഷയ് കുമാര്‍, അനന്യ പാണ്ഡെ, ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കേസരി ചാപ്റ്റര്‍ 2: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍വാലാബാഗ് ഉടന്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യും. ഏപ്രില്‍ 18 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായി വന്‍ വിജയം നേടിയില്ലെങ്കിലും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടിയിരുന്നുത്.

റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ 13ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും എന്നാണ് വിവരം. ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം എത്തുക എന്നാണ് വിവരം. എന്നാല്‍ ജിയോ ഹോട്ട്സ്റ്റാര്‍ ടീമില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

കരണ്‍ സിംഗ് ത്യാഗിയാണ് കേസരി 2 സംവിധാനം ചെയ്തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്.

അമൃതപാല്‍ സിംഗ് ബിന്ദ്ര, അക്ഷത് ഗില്‍ഡിയല്‍, സുമിത് സക്‌സേന, കരണ്‍ സിംഗ് ത്യാഗി ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്‌ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അഡാര്‍ പൂനവല്ല, അപൂര്‍വ മേത്ത, അമൃതപാല്‍ സിംഗ് ബിന്ദ്ര ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.