Entertainment

‘രജനി സാറിന്റെ സിനിമ ആയതിനാല്‍, കഥ പോലും കേള്‍ക്കാതെ അഭിനയിക്കാമെന്ന് സമ്മതിച്ചു’; ആമിര്‍ ഖാന്‍

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന
ചിത്രമായ കൂലിയില്‍ താന്‍ കാമിയോ ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. രജനികാന്തിന്റെ സിനിമയതിനാല്‍ കഥ പോലും കേള്‍ക്കാതെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും ആമിര്‍ വ്യക്തമാക്കി. സൂമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ആമിര്‍ ഖാന്റെ വാക്കുകള്‍….

‘അതേ, ഞാന്‍ ലോകേഷിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അതിനൊപ്പം കൂലിയില്‍ ഒരു കാമിയോയും ചെയ്യുന്നുണ്ട്. അത് ഏറെ സന്തോഷത്തോടെയാണ് ചെയ്യുന്നത്. രജനി സാറിന്റെ വലിയ വലിയ ഫാന്‍ ആണ് ഞാന്‍. ഞാന്‍ കഥ പോലും കേട്ടില്ല. രജനി സാറിന്റെ സിനിമയാണ് എന്ന് ലോകേഷ് പറഞ്ഞപ്പോള്‍ ഓക്കേ പറഞ്ഞു’ .

കൂലി ആഗസ്റ്റ് 14 നാണ് തിയേറ്ററുകളിലെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ , റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.