Entertainment

അനുഷ്‌ക ഷെട്ടിയുടെ ‘ഘാട്ടി’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരു ഇടവേളയ്ക്ക് ശേഷം ഘാട്ടി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നടി അനുഷ്‌ക ഷെട്ടി. നേരത്തെ 2025 ഏപ്രില്‍ 18 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് മാറ്റി വെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. ജൂലൈ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൃഷ് ജഗര്‍ലമുഡി സംവിധാനം ചെയ്ത ‘ഘാട്ടി’യില്‍ അനുഷ്‌ക ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. വിക്രം പ്രഭുവും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. തെലുങ്കിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളായ യുവി ക്രിയേഷന്‍സും ഫസ്റ്റ് ഫ്രെയിം എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് വിദ്യാ സാഗര്‍ ആണ്.

 

ഫസ്റ്റ് ലുക്കില്‍ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്‌ക എത്തിയിരുന്നത്. തലയില്‍ നിന്നും കൈകളില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്‌ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്‌ക എത്തുന്നത്. ഒരു ലേഡി ഗ്യാങ്ങ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.