ആദ്യമായി തനിക്കൊപ്പം അഭിനയിച്ച സഹനടന്റെ പേര് വെളിപ്പെടുത്തി നടി അഹാന കൃഷ്ണ. അച്ഛന് കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് മനസ്സില്‍ നിധിപോലെ കാത്തുസൂക്ഷിച്ച ആ രഹസ്യം വെളിപ്പെടുത്തി നടി .സോഷ്യല്‍ മീഡിയയിലൂടെയാണ് അഹാനയുടെ വെളിപ്പെടുത്തല്‍. കൃഷ്ണകുമാര്‍ അഭിനയിച്ച ഒരു സീരിയലില്‍ സുഹൃത്തിന്റെ കുഞ്ഞായി അഭിനയിച്ച ബാലതാരം താനായിരുന്നു എന്നാണ് അഹാന കുറിച്ചത്.
”എന്റെ ആദ്യ സഹനടന്‍ 57-ാം പിറന്നാള്‍ ആശംസകള്‍. അഭിനയത്തിലേക്കുള്ള എന്റെ അരങ്ങേറ്റം ‘ഞാന്‍ സ്റ്റീവ് ലോപ്പസ്. ആയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്. അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലില്‍ രണ്ട് സീനുകളില്‍ അച്ഛന്റെ സുഹൃത്തിന്റെ മകളായി അഭിനയിക്കാന്‍ ഒരു കുട്ടിയെ ആവശ്യം വന്നു. മറ്റൊരു കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍, ആ ജോലി ചെയ്യാന്‍ അധികം പ്രതിഫലം ചോദിക്കാത്ത ഒരു നല്ല ഓപ്ഷന് അവര്‍ കണ്ടെത്തി. നമ്മളൊക്കെ ആരോടും പറയാന്‍ ആഗ്രഹിക്കാതെ മനസ്സിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന വിലപ്പെട്ട നിരവധി കാര്യങ്ങളുണ്ടാകാം. ഇതെനിക്ക് അത് പോലെയാണ് വര്‍ഷങ്ങളായി ഈയൊരു കുഞ്ഞു രഹസ്യം ആരോടും പറയാതെ കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് എന്ന് പോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കുമായിരുന്നു. എന്റെ ഉത്തരം, ഞാന്‍ ശരിക്കും പ്രശസ്തയാകുമ്പോള് ഇത് പ്രസക്തമാകും. അപ്പോള്‍ ഇത് കാണാന്‍ ആളുണ്ടാകും എന്നായിരുന്നു. ഇന്ന് അച്ഛന്റെ ജന്മദിനത്തില് എന്ത് പോസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്ന് എന്റെ മനസ്സില്‍ ഈ രഹസ്യം ഓടിയെത്തി. ശരിക്കും എന്റെ ആദ്യത്തെ സഹനടന്‍ എന്റെ അച്ഛനാണെന്നും, ഞാന്‍ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം എല്ലാവരോടും പങ്കിടാന്‍ സമയമായെന്നും എനിക്കു തോന്നി. ഇന്ന് ഞാന്‍ എന്റെ ഈ കുഞ്ഞു രഹസ്യം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഒപ്പമുള്ള നടിക്ക് അച്ഛന് ഒരു കവര്‍ കൈമാറുമ്പോള്‍ ഞാന്‍ കരഞ്ഞു ബഹളം വച്ച് ആ സീന്‍ കുളമാക്കുന്നുണ്ട്”.
”അച്ഛന് അവര്‍ക്ക് കൊടുക്കുന്നത് ഞങ്ങളുടെ വീട്ടിലെ തന്നെ എന്തെങ്കിലും
സാധനമാകും എന്നു കരുതിയാണ് ബഹളം വച്ചത്. ഇതില്‍ ഞാന്‍ പങ്കിടാത്ത മറ്റൊരു ഒരു സീന്‍ കൂടിയുണ്ട്. പക്ഷേ അത് മറ്റൊരു ദിവസത്തേക്ക് കാത്തുവയ്ക്കുകയാണ്, എന്നെങ്കിലും അല്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനത് പങ്കുവയ്ക്കും. പ്രിയപ്പെട്ട അച്ഛന് പിറന്നാള്‍ ആശംസകള്‍.”