ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ധ്രുവനച്ചത്തിരം’.2016 ല്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച് പ്രതീക്ഷ നല്കുന്ന ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ഗൗതം മേനോന്. സിനിമയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെല്ലാം തീര്‍ത്തുവരികയാണെന്നും സിനിമ ഉടന്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
ഗൗതം മേനോന്റെ വാക്കുകള്‍
‘ധ്രുവനച്ചത്തിരം മാത്രമാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള ഒരേയൊരു സിനിമ. സംവിധായകന് എന്ന നിലയിലോ, നടന് എന്ന നിലയിലോ പുതിയ സിനിമകളൊന്നും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. ഈ ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി അധ്വാനിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളൊക്കെ പരിഹരിച്ചു വരുന്നു. എന്റെ കൂടെയുള്ള ഇന്‍വെസ്റ്റര്‍മാരോടും പാര്‍ട്ണര്‍മാരോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവരുടെ പിന്തുണയും ഒപ്പമുണ്ട്. അധികം വൈകാതെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റ് റിലീസായി ചിത്രം തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നത്.’
2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. ഋതു വര്‍മ്മ, സിമ്രാന്, ആര് പാര്ത്ഥിപന്, വിനായകന്, രാധിക ശരത്കുമാര്, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തില്‍ വേഷമിടുന്നത്.