ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് അല്ലു അര്ജുന് നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം. ‘AA22×A6’ എന്ന് താല്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഔദ്യോഗികമായി ജൂണ്‍ 13ന് മുംബൈയില്‍ ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഈ ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപികയും എത്തുന്നത്. ചിത്രത്തിന്റെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി നിര്‍മാണ ചെലവ് വരുന്ന ചിത്രത്തില്‍ വിഎഫ്എക്സിന് മാത്രം 250 കോടിയിലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നായിത് മാറുമെന്നാണ് കണക്കാക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതോടെ അറ്റ്ലിയുടെ ആറാമത്തെ ചിത്രവും, അല്ലുവിന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവുമാണിത്. ഈ ചിത്ത്രതിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് സണ്‍പിക്ചേഴ്സാണ്.
അമേരിക്കയിലെ ലോലാവി എഫ് എക്സ്, സ്പെക്ട്രല്‍ മോഷന്‍, ഫ്രാക്ചേര്‍ഡ് എഫ് എക്സ്, ഐ എല്‍ എം ടെക്നോപ്രോപ്സ്, അയണ്‍ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ടസ് എന്നീ സ്ഥാപനങ്ങളാണ് ചിത്രത്തില്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
‘AA22×A6’ ഒരു പാരലല്‍ യൂണിവേഴ്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കഥയാണ് എന്നാണ് പുറത്തുവന്ന വിവരങ്ങള്‍. അല്ലു അര്ജുന് ഒന്നിലധികം വേഷങ്ങളില്‍ അഭിനയിക്കും എന്നാണ് വിവരം. അതിലൊന്ന് ആനിമേഷന്‍ കഥാപാത്രമാണ്. ഷൂട്ടിങ് 2025 അവസാനം വരെ നീളും എന്നാണ് റിപ്പോര്‍ട്ട്. 2026 അവസാനത്തോടെ വിവിധ ഭാഷകളില്‍ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.