Entertainment

പറഞ്ഞതിലും ഒരു ദിവസം നേരത്തേ എത്തി ആലപ്പുഴ ജിംഖാന

മലയാള സിനിമയില്‍ അടുത്തിടെ റിലീസ് ചെയ്ത ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. പ്രേക്ഷകര്‍ ഒടിടിയില്‍ എപ്പോഴെത്തും എന്ന് കാത്തിരുന്ന ചിത്രം ജൂണ്‍ 13 ന് ഒടിടി റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. ഇപ്പോഴിതാ പറഞ്ഞതിനേക്കാള്‍ ഒരു ദിവസം മുമ്പേ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ സോണി ലിവ്വിലൂടെ പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിക്കാനാകും.

ഏപ്രില്‍ 10 നായിരുന്നു സ്പോര്‍ട്സ്-കോമഡി വിഭാഗത്തിലുള്ള സിനിമ തിയേറ്ററുകളിലെത്തിയത്. ആഗോളതലത്തില്‍ 70 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.

നസ്ലെന്‍, ഗണപതി, ലുക്മാന്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഖാലിദ് റഹ്മാന്‍ തന്നെയായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയതും. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ രചിച്ചത്.